ന്യൂഡല്‍ഹി: സംവിധായകന്‍ വിനയന്റെ ചിത്രങ്ങള്‍ തടയാന്‍ താരസംഘടനയായ അമ്മയും ഫെഫ്കയും സമ്മര്‍ദ്ദം ചെലുത്തിയതായി ലിബര്‍ട്ടി ബഷീറിന്റെ സത്യവാങ്മൂലം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമാണ് ഇതിന് പിന്നിലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ലിബര്‍ട്ടി ബഷീര്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
വിനയന്റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് തടയണമെന്ന് അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഇടവേള ബാബു, സംവിധായകരുടെ സംഘടയുടെ തലവനായ സിബി മലയിലും പ്രൊഡ്യൂസോഴ്‌സ് അസോസിയേഷന്റെ സിയാദ് കോക്കറും ആവശ്യപ്പെട്ടിരുന്നതായി ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തി.
യക്ഷിയും ഞാനും എന്ന സിനിമ റിലീസ് ചെയ്യാനൊരുങ്ങിയപ്പോഴാണ് സമ്മര്‍ദ്ദമുണ്ടായത്. തുടര്‍ന്ന് രഘുവിന്റെ സ്വന്തം റസിയ, ഡ്രാക്കുള എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയപ്പോഴും ഇതേ തന്ത്രം സ്വീകരിച്ചതായി ലിബര്‍ട്ടി ബഷീര്‍ വെളിപ്പെടുത്തുന്നു.
2008ല്‍ ആണ് താരസംഘടനയായ അമ്മയും ഫെഫ്കയും വിനയനെ പുറത്താക്കുന്നത്. ഇതേത്തുടര്‍ന്നാണ് വിനയന്‍ കോപംറ്റീഷന്‍ കമ്മീഷനെ സമീപിച്ചത്. തന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കുന്നില്ല. തന്റെ സിനിമയില്‍ സഹകരിക്കുന്നതില്‍ നിന്നും താരങ്ങള്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിനയന്‍ പരാതി നല്‍കിയത്. കോപംറ്റീഷന്‍ കമ്മീഷന്‍ പരാതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.