LIC-STOCK INVESTMENT

മുംബൈ: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍.ഐ.സി. ഈ സാമ്പത്തിക വര്‍ഷം ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ അളവ് കൂട്ടാനിടയില്ല.

എല്‍.ഐ.സി.യുടെ ഉയര്‍ന്ന ഉദ്യോഗസ്ഥതലത്തില്‍ നിന്നു ലഭിക്കുന്ന വിവര പ്രകാരം കടപ്പത്രങ്ങളിലും മറ്റും കൂടുതല്‍ നിക്ഷേപം നടത്താനാണ് തീരുമാനം.

ഓഹരി നിക്ഷേപത്തില്‍ ഓരോ വര്‍ഷവും 15 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധന വരുത്താനുള്ള പദ്ധതിയാണ് ഇക്കുറി മരവിപ്പിക്കുന്നത്.

2015-16 വര്‍ഷം 60,000 കോടി രൂപയാണ് എല്‍.ഐ.സി. ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്.

ഇതിന് തത്തുല്യമായ തുകയാകും ഇക്കുറിയും നിക്ഷേപിക്കുകയെന്നാണ് സൂചന. ഓഹരികളില്‍ വിദേശ നിക്ഷേപം വന്‍തോതില്‍ ഉയര്‍ന്നിട്ടുള്ളതിനാല്‍ നഷ്ടസാധ്യത കണക്കിലെടുത്താണ് പരിധി കൂട്ടേണ്ടെന്ന തീരുമാനമെന്നാണ് അറിയുന്നത്.

ഒപ്പം ചരക്ക് സേവന നികുതി ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വൈകിയതും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വന്‍ തോതില്‍ ഓഹരികള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന പ്രത്യേക ഓഫറുകളില്ലാത്തതും എല്‍.ഐ.സി.യെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ വിദേശ നിക്ഷേപകര്‍ 4.55 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കൂടിയ നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം എല്‍.ഐ.സി. ഓഹരി വിപണിയില്‍ നടത്തിയത്. 21 ലക്ഷം കോടി രൂപയാണ് എല്‍.ഐ.സി.യുടെ ആസ്തി.

Top