ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് ഫീസ് ഇരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

തിരുവനന്തപുരം:ഇനി ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസന്‍സിന് രണ്ടിരട്ടി ഫീസ്. 500 രൂപയില്‍ നിന്നും 1000 ആക്കി ഫീസ് ഉയര്‍ത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ കാര്‍ഡിനുള്ള തുകയും സര്‍വീസ് നിരക്കും അടക്കം 260 രൂപയും നല്‍കണം. മൊത്തത്തില്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് ലഭിക്കാന്‍ 1260 രൂപയോളം ചെലവ് വരും.

അതേസമയം സ്മാര്‍ട്ട്കാര്‍ഡിനായി അപേക്ഷകരില്‍ നിന്ന് 200 രൂപ വീതം വാങ്ങുന്നുണ്ടെങ്കിലും ഇപ്പോഴും ലാമിനേറ്റഡ് കാര്‍ഡാണ് നല്‍കുന്നത്. കേന്ദ്ര മോട്ടോര്‍വാഹന നിയമപ്രകാരം നിരക്ക് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനാണെങ്കിലും സേവനങ്ങള്‍ക്ക് ഫീസ് സംസ്ഥാനങ്ങള്‍ക്ക് ഉയര്‍ത്താം. ഫാന്‍സി നമ്പറുകളുടെ എണ്ണം വര്‍ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനൊപ്പമാണ് ലൈസന്‍സ് ഫീസും ഉയര്‍ത്തിയത്.

അതേസമയം സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കുന്നത്, കേന്ദ്രീകൃത ലൈസന്‍സ് അച്ചടിവിതരണ സംവിധാനത്തിലേക്ക് മാറാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ സംവിധാനം ഇതുവരെ യാതാര്‍ത്ഥ്യമായിട്ടില്ല. അടുത്ത വര്‍ഷത്തോടെ ഇത് നിലവില്‍ വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top