ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചു; ബാംഗ്ലൂരില്‍ ‘ഒല’ ടാക്‌സി സര്‍വ്വീസിന് താല്‍ക്കാലിക വിലക്ക്

പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ‘ഒല’യ്ക്ക് ബാംഗ്ലൂരില്‍ താല്‍ക്കാലിക വിലക്ക്. ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് അടുത്ത ആറു മാസത്തേക്ക് ഒലയ്ക്ക് കാര്‍, ഓട്ടോ, ബൈക്ക് ഉള്‍പ്പെടെയുള്ള ഒരു സര്‍വീസും നടത്താന്‍ സാധിക്കില്ല.

അനധികൃതമായി ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച മുതല്‍ ഒലയില്‍ ബുക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ഗതാഗതവകുപ്പ് ജോ. കമ്മിഷണര്‍ അറിയിച്ചു.

കര്‍ണാടക സര്‍ക്കാറിന്റെ അനുമതി ഇല്ലാതെ തന്നെ ഒല, റാപ്പിഡോ എന്നീ കമ്പനികള്‍ അനധികൃതമായി ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിവരികയായിരുന്നു. ഇതേത്തുടര്‍ന്ന്, ഫെബ്രുവരിയില്‍ അനധികൃതമായി സര്‍വീസ് നടത്തിയ 500 ബൈക്ക് ടാക്‌സികള്‍ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഒല, റാപ്പിഡോ കമ്പനികളോട് സര്‍വ്വീസ് നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതനുസരിച്ച് ഫെബ്രുവരി 15-ന് ഗതാഗതവകുപ്പ് ഒലയ്ക്ക് നോട്ടീസ് അയച്ചിരുന്നു. മാര്‍ച്ച് മൂന്നിനായിരുന്നു ഒല മറുപടി നല്‍കിയത്. എന്നാല്‍, മറുപടി തൃപ്തികരമല്ലാത്തതിനെത്തുടര്‍ന്നാണ് സര്‍വ്വീസ് നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, നിരവധി ഡ്രൈവര്‍ന്മാരുടെ തൊഴിലിനെ ബാധിക്കുന്ന ഈ നടപടി പിന്‍വലിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.

Top