അഭയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ

തിരുവനന്തപുരം: അഭയ വധക്കേസില്‍ സിബിഐ കോടതി പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവര്‍ക്ക് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി കെ.സനല്‍കുമാറാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.

വിധി പ്രസ്താവത്തിനായി മുന്‍പായി പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ അന്തിമവാദം നടത്തി. കൊലക്കുറ്റം തെളിഞ്ഞതിനാല്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അഭയയുടേത് ആസൂത്രിതമായ കൊലപാതകമായിരുന്നോ എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അല്ലെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ എം. നവാസ് മറുപടി നല്‍കി.

അതേസമയം ഫാദര്‍ കോട്ടൂര്‍ കോണ്‍വെന്റില്‍ അതിക്രമിച്ച് കയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അഭയ വധക്കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും പരാമവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ രണ്ടിലെ പ്രതികളും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും അദ്ദേഹത്തിന് 73 വയസ് പ്രായമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന്റെ വാദം അവസാനിച്ച ശേഷം ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സ്റ്റെഫിയും ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ജഡ്ജിക്ക് അരികിലെത്തി അഭ്യര്‍ത്ഥിച്ചു.

താന്‍ നിരപരാധിയാണെന്നും ദിവസവും 20 എം.ജി ഇന്‍സുലിന്‍ വേണമെന്നും കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അതിനും ചികിത്സയും മരുന്നുമുണ്ടെന്നും ഫാദര്‍ കോട്ടൂര്‍ കോടതിയെ അറിയിച്ചു. കോട്ടൂരിന് പിന്നാലെ സിസ്റ്റര്‍ സ്റ്റെഫി സിബിഐ ജഡ്ജിക്ക് സമീപത്തേക്ക് വന്നു താന്‍ നിരപരാധിയാണെന്നും ക്‌നായ നിയമപ്രകാരം ഒരു വൈദികന്‍ കന്യാസ്ത്രീക്ക് പിതാവിനെ പോലെയാണെന്നും അതിനാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സിസ്റ്റര്‍ സ്റ്റെഫി പറഞ്ഞു.

ഒരു വര്‍ഷം മുമ്പാരംഭിച്ച വിചാരണ നടപടികള്‍ ഈ മാസം 10ന് അവസാനിച്ച ശേഷമാണ് വിധി പറയാനായി മാറ്റിയത്. കേസിലെ രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയിലെ വേണ്ടത്ര തെളിവുകളില്ലാത്തിനാല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്.

Top