നെയ്യാറ്റിന്‍കര: കൊടുംകുറ്റവാളിയും ജീവപര്യന്ത്യം തടവുകാരനുമായ പ്രതി പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെ നെയ്യാറ്റിന്‍കര കോടതിയില്‍ നിന്ന് വിചാരണ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്ത്യം തടവ് അനുഭവിക്കുന്ന എറണാകുളം ബിജു എന്നറിയപ്പെടുന്ന ആര്യനാട് ഉണ്ടാറ സ്വദേശി നാദിര്‍ഖാന്‍(38) ആണ് രക്ഷപ്പെട്ടത്.
ഇരുന്നൂറ്റമ്പതിലേറെ കേസിലെ പ്രതിയാണ് ഇയാള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം ജീവപര്യന്ത്യം ശിക്ഷ അനുഭവിക്കുകയാണിപ്പോള്‍. പ്രതി ജയില്‍ ചാടുമെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പു നിലനില്‍ക്കെയാണ് ബസില്‍ രണ്ടു പോലീസുകാരുെട അകമ്പടിയില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. പ്രതിയുടെ ഒരു കൈയിലേ വിലങ്ങിട്ടിരുന്നുള്ളൂ. പോലീസിനെ വെട്ടിച്ച് ഓടിയ പ്രതി നേരത്തേ പറഞ്ഞുറപ്പിച്ചുവന്ന ബൈക്കില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു.
വെള്ളറടയില്‍ മാല പിടിച്ചുപറിച്ച കേസിലെ വിചാരണയ്ക്കായിട്ടാണ് എ.ആര്‍. ക്യാമ്പിലെ രണ്ടു പോലീസുകാരുടെ സംരക്ഷണയില്‍ കോടതിയില്‍ കൊണ്ടുവന്നത്. വിചാരണയ്ക്കു കയറുമ്പോള്‍ വിലങ്ങഴിക്കണം. തിരിച്ചിറക്കിയപ്പോള്‍ ഒരു കൈയിലേ പോലീസ് വിലങ്ങിട്ടുള്ളൂ. തുടര്‍ന്ന് പ്രതിയെയുംകൊണ്ട് പോലീസുകാര്‍ ബസ്സ്റ്റോപ്പിലെത്തി. ഇവിടെവെച്ച് പോലീസിനെ പിടിച്ചുതള്ളി പ്രതി ഓടുകയായിരുന്നു.