തൃശ്ശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ചേര്‍ന്ന യോഗത്തിന്റെ മിനിറ്റ്‌സ് നശിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന് അനില്‍ അക്കര എം.എല്‍.എ. വടക്കാഞ്ചേരിയിലെ നിര്‍മാണത്തിന്റെ മേല്‍നോട്ടം സര്‍ക്കാരിനല്ലെന്ന് പറയുന്നത് നുണയാണെന്നും മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമാണ് മേല്‍നോട്ടം വഹിക്കുന്നതെന്ന് മിനിറ്റ്‌സില്‍ പറയുന്നുണ്ടെന്നും അനില്‍ അക്കര ആരോപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, ലൈഫ് മിഷന്‍ സിഇഒ തുടങ്ങിയവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൈഫ് മിഷന്‍ ജീവനക്കാരാണ് മിനിറ്റ്‌സ് നശിപ്പിക്കാന്‍ കൂട്ടുനിന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതി തെളിയിക്കാന്‍ ഈ മിനിറ്റ്‌സാണ് ഏറ്റവും വലിയ തെളിവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, എന്‍.ഐ.എ. തുടങ്ങിയ ഏജന്‍സികള്‍ അടിയന്തരമായി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ തന്റെ കൈവശമുള്ള രേഖകള്‍ കൈമാറുമെന്നും എം.എല്‍.എ. പറഞ്ഞു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ പാര്‍പ്പിട സമുച്ചയത്തിനൊപ്പം നിര്‍മിക്കുന്ന ആശുപത്രിക്ക് ഇതുവരെ ആരോഗ്യവകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും അനില്‍ അക്കരെ ആരോപിച്ചു. അഞ്ച് കോടി മുടക്കിയാണ് ആശുപത്രി പണിയുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ലൈഫ് മിഷന് വേണ്ടി പിഡബ്യൂഡി തയ്യാറാക്കിയത് ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റാണെന്നും എം.എല്‍.എ. ആരോപിച്ചു.