ലൈഫ് മിഷന്‍; കോണ്‍സുലേറ്റില്‍ നിന്ന് ഏഴ് കോടി എത്തിയെന്ന് ബാങ്കുകള്‍

കൊച്ചി: ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് പണമിടപാട് സ്ഥിരീകരിച്ച് ബാങ്ക് മാനേജര്‍മാര്‍. രണ്ട് ബാങ്കുകളിലായാണ് കോണ്‍സുലേറ്റില്‍ നിന്ന് ആദ്യ ഗഡു തുക എത്തിയത്. കൊച്ചിയില്‍ ഫെഡറല്‍ ബാങ്കിലും ആക്സിസ് ബാങ്കിലുമായി ഏഴ് കോടി രൂപ എത്തി. ഫ്ളാറ്റിന്റെ നിര്‍മാണത്തിനും ആശുപത്രിക്കും പ്രത്യേകമായാണ് ഈ തുക എത്തിയതെന്നും വിജിലന്‍സിന് ബാങ്ക് മാനേജര്‍മാര്‍ മൊഴി നല്‍കി.

പദ്ധതിക്കായി ഏഴ് കോടി രൂപയും ആശുപത്രി കെട്ടിടം പണിയാന്‍ രണ്ടു കോടി രൂപയുമാണ് രണ്ട് അക്കൗണ്ടിലുമായി എത്തിയത്. ഇതില്‍ നിന്നാണ് യൂണിടാക്ക് 4.20 കോടി രൂപ കമ്മീഷന്‍ നല്‍കുന്നതിനായി പിന്‍വലിച്ചതെന്നും വ്യക്തമായിട്ടുണ്ട്.

യൂണിടാക്കിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചിരുന്നു. വടക്കാഞ്ചേരി ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഇടപാട് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Top