ലൈഫ് മിഷന്‍; ഫ്‌ളാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ദ സംഘം

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റിന്റെ ബലപരിശോധനയ്ക്ക് വിദഗ്ധ സംഘമായി. സംഘത്തില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു എഞ്ചിനീയറും പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം ഉദ്യോഗസ്ഥരുമുണ്ടാകും. രണ്ടാഴ്ചയ്ക്കുള്ളില്‍ത്തന്നെ സ്ഥലത്ത് എത്തി ബലപരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു.

ലൈഫ് മിഷന്‍ അഴിമതി ഇടപാടുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ബലപരിശോധനയ്ക്ക് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. കഴിഞ്ഞ മാസം വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ വിജിലന്‍സ് സംഘം നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഇത് വരെ കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണയാണ് വിജിലന്‍സ് സ്ഥലം നേരിട്ടെത്തി പരിശോധിച്ചത്. വടക്കാഞ്ചേരി നഗരസഭയില്‍ നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

140 ഫ്‌ലാറ്റുകളാണ് ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്നത്. ഇതോടൊപ്പം, ഒരു ആശുപത്രി സമുച്ചയം നിര്‍മ്മിക്കാനും ആംബുലന്‍സും അനുബന്ധ ഉപകരണങ്ങളും കൈമാറുന്നതിനുമാണ് യുണിടാക്കും സെയ്ന്‍വെഞ്ചേഴ്‌സുമായി യുഎഇ കോണ്‍സുലേറ്റ് കരാര്‍ ഉണ്ടാക്കിയത്.

Top