കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നാല് കോടി 20 ലക്ഷം രൂപയുടെ കമ്മീഷന്‍ ഇടപാടുകള്‍ നടന്നെന്ന് വിജിലന്‍സ്. സന്തോഷ് ഈപ്പന്‍, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോഴാണ് കമ്മീഷന്‍ ഇടപാട് നടന്നതായി വിജിലന്‍സിന് വ്യക്തമായത്. യുണിടാക്കും യുഎഇ കോണ്‍സുലേറ്റും തമ്മില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിട്ടതിന്റെ പിറ്റേ ദിവസം ഏഴരകോടി രൂപ ആദ്യ ഗഡുവായി യു.എ.ഇ കോണ്‍സുലേറ്റിന്റെ അക്കൗണ്ടിലേക്ക് വന്നതായി വിജിലന്‍സ് കണ്ടെത്തി.
പിറ്റേ ദിവസം ഈ ഏഴര കോടിയില്‍ നിന്ന് നാല് കോടി 20 ലക്ഷം രൂപ സന്ദീപിന്റെ അക്കൗണ്ടിലേക്കെത്തി. ഇതില്‍ നിന്ന് സന്ദീപ് മൂന്ന് കോടി 60 ലക്ഷം രൂപ പിന്‍വലിച്ചു. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയിലും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഈ ഇടപാടില്‍ ലഭിച്ച 60 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നു. ഈ തുക പലപ്പോഴായി പിന്‍വലിച്ചു. ഈ തുക സന്ദീപിന്റെയും സരിത്തിന്റെയും സ്വപ്നയുടെയും കമ്മീഷനായിരുന്നു എന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയതായാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യൂണിടാക്കിലെ മുന്‍ ജീവനക്കാരനായ യദു സുരേന്ദ്രന്‍ സന്ദീപ് നായരുടെ സുഹൃത്താണ്. ലൈഫ് മിഷന്‍ എന്നൊരു പദ്ധതിയുണ്ടെന്ന് സന്ദീപ് നായരില്‍ നിന്ന് അറിഞ്ഞ യദു സുരേന്ദ്രനാണ് യൂണിടാക്കിനെ പദ്ധതിയുമായി ബന്ധപ്പെടുത്തുന്നത്. അയാള്‍ക്കും ആറ് ലക്ഷം രൂപ കമ്മീഷന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ വാഗ്ദാനം ചെയ്തെങ്കിലും പണം ലഭിച്ചില്ലെന്നാണ് ഇന്നലെ മൊഴിയെടുത്തപ്പോള്‍ യദു പറഞ്ഞത്.
സന്ദീപിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച 3 കോടി 60 ലക്ഷം രൂപ ആര്‍ക്ക് കൊടുത്തുവെന്ന കാര്യത്തില്‍ കൂടുതല്‍ വിജിലന്‍സിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ല. കവടിയാറില്‍വെച്ച് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനായ ഈജിപ്ഷ്യന്‍ സ്വദേശിയായ ഖാലിദിന് സ്വപ്നയും സന്ദീപും ചേര്‍ന്ന് തുക കൈമാറിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം 3 കോടി 60 ലക്ഷം രൂപ യുഎഇ കോണ്‍സുലേറ്റ് ജനറലിന് കൊടുത്തുവെന്ന് സ്വപ്ന പറഞ്ഞതായും സന്തോഷ് ഈപ്പന്റെ മൊഴിയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.