രണ്ടു വര്‍ഷം ജോലി ചെയ്താല്‍ ആജീവനാന്ത പെന്‍ഷന്‍; സര്‍ക്കാരിന് അത്രയ്ക്കും ആസ്തിയോ?; സുപ്രീം കോടതി

ഡല്‍ഹി: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. രണ്ടു വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് ആജീവനാന്തം പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായം രാജ്യത്ത് വേറൊരിടത്തുമില്ല. സംസ്ഥാന സര്‍ക്കാരിന് ഇത്രയ്ക്കും ആസ്തിയുണ്ടോ എന്നും സുപ്രീംകോടതി ചോദിച്ചു. രാജ്യത്ത് മറ്റൊരിടത്തും രണ്ട് വര്‍ഷം സേവനം നടത്തുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കില്ലെന്നും കോടതി പറഞ്ഞു.

വിപണി വിലയേക്കാള്‍ കൂടുതല്‍ തുക ഡീസലിന് ഈടാക്കുന്നതിന് എതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് കേരള സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഡീസലിന് അധിക തുക നല്‍കേണ്ടിവരുന്നത് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും, ഇന്ധന വില നിര്‍ണയിക്കുന്നതിന് സ്വതന്ത്ര റെഗുലേറ്ററി അതോറിട്ടിയെ നിയമിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും കെ എസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

അപ്പോഴായിരുന്നു ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ വിമര്‍ശനം. സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അഭിഭാഷകന്‍ പറയുന്നു. അപ്പോള്‍ സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെങ്കില്‍ എന്തുകൊണ്ട് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ഈ രീതിയില്‍ പെന്‍ഷന്‍ അനുവദിക്കുന്നുവെന്ന് ചോദിച്ചു. കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട വാര്‍ത്തയും കോടതി ചൂണ്ടിക്കാട്ടി. അത്രയധികം ആസ്തിയുള്ള സര്‍ക്കാര്‍ എന്തിനാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചതെന്നും ജസ്റ്റിസ് നസീര്‍ ചോദിച്ചു.

രണ്ടു വര്‍ഷം ജോലി ചെയ്താല്‍ ആയുഷ്‌കാലം പെന്‍ഷന്‍ നല്‍കുന്ന സമ്പ്രദായം ലോകത്ത് എവിടെയുമില്ല. ഇക്കാര്യത്തില്‍ കോടതിയുടെ അതൃപ്തി സര്‍ക്കാരിലെ ഉന്നതരെ അറിയിക്കാന്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കോടതിയുടെ വികാരം സര്‍ക്കാരിനെ അറിയിക്കാമെന്ന് അദ്ദേഹം അറിയിച്ചു. കെ എസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കില്ലെന്നും, ഹൈക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതനുസരിച്ച് ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു.

Top