ലിഗയുടെ ദുരൂഹ മരണം; ചേന്തിലക്കരയിലെ ചീട്ടുകളി സംഘത്തെ കസ്റ്റഡിയിലെടുത്തു

liga-new

തിരുവനന്തപുരം: ലിഗയുടെ ദുരൂഹ മരണം സംബന്ധിച്ച് കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാട് പ്രദേശമായ ചേന്തിലക്കരയില്‍ സ്ഥിരമായി ചീട്ടുകളിക്കാനെത്തുന്ന സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചന.

പണംവച്ചുള്ള ചീട്ടുകളിയും മദ്യപാനവും സ്ഥിരമായി നടക്കാറുള്ള പ്രദേശമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ പ്രദേശം അരിച്ചുപെറുക്കിയത്. ഇവിടെ നിന്നും ഏറെ പഴക്കമില്ലാത്ത ഭക്ഷണവും വെള്ളക്കുപ്പികളും സിഗരറ്റ് കുറ്റികളും പൊലീസിന് ലഭിച്ചിരുന്നു. ഇവ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ടുദിവസം മുന്‍പ് കാറിലെത്തിയ സംഘം നാട്ടുകാരുമായി വഴക്കുണ്ടാക്കിയെന്നും പൊലീസിന് വിവരം കിട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചീട്ടുകളി സംഘം പിടിയിലായത്.

ലിഗയുടെ മരണവുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കും.ആത്മഹത്യാ സാധ്യത മാത്രമല്ല, എല്ലാ വശങ്ങളും പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി. പോത്തന്‍കോട്ടെ ഓട്ടോഡ്രൈവര്‍ ഷാജിയുടെ ഓട്ടോറിക്ഷയില്‍ മാര്‍ച്ച്14-ന് കോവളം ഗ്രോവ് ബീച്ചില്‍ ലിഗ വന്നിറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. മറ്റിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലിഗയെ കണ്ടെത്താനായിട്ടില്ല.

1500-രൂപയോളം കൈയിലുണ്ടായിരുന്ന ലിഗ ഓട്ടോറിക്ഷാക്കൂലിയായി 800രൂപ നല്‍കിയിരുന്നു. ബീച്ചിനടുത്തു നിന്ന് ചൈനാനിര്‍മ്മിത ജാക്കറ്റ് 200 രൂപയ്ക്ക് വാങ്ങി. ഈ ജാക്കറ്റ് വിറ്റയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമുദ്രബീച്ചിലെത്തി, തീരംവഴി നടന്ന് വാഴമുട്ടത്തെ കണ്ടല്‍ക്കാട് പ്രദേശമായ ചേന്തിലക്കരയിലെത്തിയെന്നാണ് പൊലീസിന്റെ നിഗമനം.

വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് വള്ളം തുഴഞ്ഞും എത്താമെന്നതിനാല്‍ മറ്റാരെങ്കിലും കൂട്ടിക്കൊണ്ടു വന്നതാണോ എന്ന സംശയവും പൊലീസിനുണ്ട്. ഇവിടത്തെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത് പൊലീസിന് തലവേദനയാണ്. ലിഗ ധരിച്ചിരുന്ന ചെരുപ്പിനെക്കുറിച്ച് അവ്യക്തതയുണ്ട്. ലിഗയുടെ ചെരുപ്പ് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

മൃതദേഹ പരിശോധനയില്‍ മാനഭംഗത്തിന്റെയോ ആക്രമണത്തിന്റെയോ ലക്ഷണങ്ങളില്ലെന്ന് പൊലീസ് പറയുന്നു. ശരീരത്തിലെ എല്ലുകളോ ഞരമ്പുകളോ മുറിഞ്ഞതിന്റെ ലക്ഷണമില്ലെന്നും കുത്തോ ക്ഷതമോ മുറിവുകളോ ഇല്ലെന്നും ആന്തരികാവയവങ്ങളിവും പരിക്കിന്റെ പാടുകളില്ലെന്നും പൊലീസ് വ്യക്തമാക്കി.

വള്ളിപ്പടര്‍പ്പുകളില്‍ തൂങ്ങിയ നിലയില്‍ നിലത്തുമുട്ടിയിരുന്ന മൃതദേഹത്തില്‍ തലയും പാദവുമുണ്ടായിരുന്നില്ല. അടുത്തുനിന്ന് തല കിട്ടിയെങ്കിലും ഒരു പാദം കണ്ടെത്താനായിട്ടില്ല. മൃതദേഹം ജീര്‍ണിച്ചപ്പോഴാവാം തല വേര്‍പെട്ടത്. തെരുവുപട്ടികളോ മറ്റ് മൃതങ്ങളോ ശരീരഭാഗങ്ങള്‍ കടിച്ചെടുത്തതായാണ് പൊലീസ് നിഗമനം.

ഒതളങ്ങ ചെടികള്‍ നിറഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയെന്നതിനാല്‍ ലിഗ ഇത് ഭക്ഷിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഒതളങ്ങ ശേഖരിച്ച് പൊലീസ് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രാസപരിശോധനാ ലാബിലെ ഫലം വന്നാലേ ഇതാണോ മരണകാരണമെന്ന് വ്യക്തമാവൂവെന്നും പൊലീസ് അറിയിച്ചു.

Top