ലിഗയുടേത് കൊലപാതകം; ശ്വാസം മുട്ടി മരിച്ചതാണെന്ന് സ്ഥിരീകരിച്ചു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

liga

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണെന്നു സ്ഥിരീകരിച്ചു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാല്‍മുട്ടുകൊണ്ടോ ഇരുമ്പ് ദണ്ഡുകൊണ്ടോ കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്നു ശ്വാസം മുട്ടിയാണു ലിഗ മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.

ഒന്നിലധികം പേര്‍ ചേര്‍ന്നു ബലപ്രയോഗം നടക്കുന്നതിനിടെ കൊലപാതകം നടന്നതാകാമെന്നാണ് നിഗമനം. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ബലാത്സംഗം നടന്നോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ശരീരത്തിലെ മുറിവുകള്‍ മരണകാരണം ആകാന്‍ സാധ്യതയില്ലെന്നും പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദഗ്ദ്ധ സംഘം തയ്യാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരമാണ് പൊലീസ് സംഘത്തിന് കൈമാറിയത്. ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും വിവരമുണ്ട്.

പോസ്റ്റുമോര്‍ട്ടം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘത്തിനു സമര്‍പ്പിച്ചത്. തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ്, ഡിസിപി ജയദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ലിഗയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാകമെന്നു പൊലീസ് നിഗമനത്തെ സാധൂകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

കോവളത്തുനിന്നു ലിഗയെ മയക്കുമരുന്ന് കലര്‍ത്തിയ സിഗരറ്റ് നല്‍കിയ ശേഷം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ എത്തിച്ചുവെന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യംചെയ്തുവരുന്നു. കോവളം സ്വദേശികളായ മൂന്നുപേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.

മാനഭംഗശ്രമത്തിനിടെ ലിഗയെ കൊലപ്പെടുത്തിയതാകാമെന്ന നിഗമനവും തള്ളിക്കളയാനാകില്ലെന്നാണു പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിലേക്കു നയിച്ച കാര്യങ്ങളുടെ ചിത്രവും ശാസ്ത്രീയ തെളിവുകളും പൂര്‍ണമായും ലഭിച്ചശേഷം മാത്രമേ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ഞായറാഴ്ചയോ തിങ്കളാഴ്ചയോ പ്രതികളുടെ അറസ്റ്റ് വിവരം പുറത്തുവിടുമെന്നാണു സൂചന.

ഇവര്‍ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകള്‍ പരിശോധിച്ച് പൊലീസ് ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്. വിദേശികളുടെ വഴികാട്ടിയായി സൗഹൃദം സ്ഥാപിച്ചു ലിഗയെ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ പ്രതികള്‍ എത്തിച്ചുവെന്ന സംശയത്തിലാണു പൊലീസ് സംഘം.

വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ വെള്ളിയാഴ്ച വീണ്ടും ഫോറന്‍സിക് പരിശോധന നടത്തി. ലിഗയുടെ മുടിയിഴകള്‍ ഫോറന്‍സിക് സംഘം കണ്ടെടുത്തു. കാട്ടുവള്ളിയില്‍ നിന്നാണു മുടിയിഴകള്‍ ലഭിച്ചത്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ടു രണ്ട് ഫൈബര്‍ ബോട്ടുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലിഗയെ നദിയിലൂടെ ഈ ഫൈബര്‍ ബോട്ടില്‍ പൊന്തക്കാട്ടിലേക്ക് എത്തിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ് സംഘം.

വിഷാദരോഗത്തിന് കേരളത്തില്‍ ചികിത്സയ്ക്കെത്തിയ ലിഗയെ മാര്‍ച്ച് 14നാണ് കാണാതായത്. തുടര്‍ന്ന് ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസയും പൊലീസും കേരളത്തില്‍ മുഴുവന്‍ അന്വേഷണം നടത്തിയെങ്കിലും ലിഗയെ കണ്ടെത്താനായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കോവളത്തെ വാഴാമുട്ടത്ത് നിന്നും ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബീച്ചില്‍ ലിഗയുടെ വിശ്വാസം നേടിയ പനത്തുറക്കാരനും അനധികൃത ടൂറിസ്റ്റ് ഗൈഡുമായ പുരുഷ ലൈംഗികതൊഴിലാളി ലിഗയെ ഇവിടേക്ക് വള്ളത്തില്‍ കൊണ്ടു പോയെന്നാണ് അനുമാനം. വാഴമുട്ടത്തെ ഒരു യോഗ പരിശീലകന്‍ ലിഗയ്ക്ക് കഞ്ചാവ് ചേര്‍ത്ത സിഗരറ്റ് നല്‍കിയതായും വിവരമുണ്ട്.

Top