വിദേശ വനിത ലിഗയുടെ ദുരൂഹമരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചേക്കും

liga

തിരുവനന്തപുരം:വിദേശ വനിത ലിഗയുടെ മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് എവിടെ നിന്ന് വാങ്ങിയെന്ന കണ്ടെത്താനാവാത്തത് കേസില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കോവളത്തെ എട്ട് പേര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍.

മരിച്ചത് ലിഗയെന്ന് സ്ഥിരീകരിച്ചതോടെ കേസ് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായിരിക്കുന്നത് മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ്. മൂന്ന് ലാബുകളിലായി നല്‍കിയിരിക്കുന്ന ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വൈകുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചയായിട്ടും ലഭിക്കാത്തതിന് പ്രധാന കാരണം.

കാലതാമസം അന്വേഷണത്തെ ഏറെ ബാധിക്കുമെന്നതിനാല്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ശ്വാസം മുട്ടിയുള്ള മരണം എന്നതിനൊപ്പം വിഷം ഉള്ളില്‍ചെന്നുള്ള മരണമെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്. ശ്വാസം മുട്ടിയാണ് മരിച്ചതെങ്കില്‍ കൊലപാതകമെന്നും വിഷം ഉള്ളില്‍ ചെന്നാണങ്കില്‍ ആത്മഹത്യയെന്ന നിഗമനത്തിലേക്കും അന്വേഷണസംഘമെത്തുമെന്നാണ് സൂചന.

അതേസമയം ലിഗയുടെ സ്വഭാവത്തില്‍ അസ്വാഭാവികത ഇല്ലായിരുന്നൂവെന്നും ആത്മഹത്യ ചെയ്തിരിക്കാമെന്ന പൊലീസ് വിലയിരുത്തല്‍ വിശ്വസിക്കാനാവില്ലെന്നും ലിഗയെ യോഗ പരിശീലിപ്പിച്ചിരുന്ന പോത്തന്‍കോട് ധര്‍മ ആയൂര്‍വേദ സെന്ററിലെ അധ്യാപിക പറഞ്ഞു.

അതേസമയം ലിഗയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് എവിടെ നിന്ന് വാങ്ങിയെന്ന കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. കോവളത്തെ കടകളില്‍ പരിശോധിച്ചെങ്കിലും ലിഗ ഇത് വാങ്ങിയതായി ആരും സമ്മതിച്ചിട്ടില്ല. ഇതോടെ ആരെങ്കിലും ലിഗയെ ധരിപ്പിച്ചതാവാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇത് കേസില്‍ ദുരൂഹത വര്‍ധിപ്പിക്കുകയും ചെയ്യും.

Top