ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണം കൊലപാതകമെന്ന്

liga

തിരുവനന്തപുരം: തിരുവല്ലത്തു മൃതദേഹം കണ്ടെത്തിയ വിദേശ വനിത ലിഗയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് .ഇതോടെ ലിഗയുടെ മരണം കൊലപാതകമാണെന്നു വ്യക്തമായി. ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടത്. മരണകാരണമാകും വിധം കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചതാണെങ്കില്‍ തരുണാസ്ഥികളില്‍ പൊട്ടല്‍ ഉണ്ടാകില്ല. കഴുത്തു ഞെരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ബലപ്രയോഗം നടന്നതിന്റെ സൂചനയായി ലിഗയുടെ ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ഇതാണു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലേക്ക് എത്തിച്ചത്.

ലിഗയുടേതു കഴുത്തു ഞെരിച്ചുള്ള കൊലപാതകമായിരിക്കാമെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.പ്രതികളെന്നു സംശയിക്കുന്നവര്‍ കസ്റ്റഡിയിലുള്ള സാഹചര്യത്തിലാണു പ്രാഥമിക നിഗമനങ്ങള്‍ പൊലീസിനു നല്‍കിയിരിക്കുന്നത്. ആന്തരിക അവയവ പരിശോധനയുടെ ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങളുമായി അന്തിമ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജില്‍ നിന്നു വൈകിട്ടു പൊലീസിനു കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ ഇപ്പോള്‍ കസ്റ്റഡിയിലുണ്ട്. ഇന്ന് തന്നെ അവരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത.

വിഷാദരോഗവുമായി ബന്ധപ്പെട്ട ചികില്‍സയ്ക്കായി കേരളത്തിലെത്തിയ ലിഗയെ മാര്‍ച്ച് 14നാണു കാണാതായത്. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം തിരുവല്ലത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Top