വിദേശ വനിത ലിഗയുടെ കൊലപാതകം; പ്രതികളുടെ പങ്ക് തെളിഞ്ഞു,അറസ്റ്റ് ഇന്ന് ഉണ്ടായേക്കും

liga_01

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ഇന്നുണ്ടാകും. പൊലീസ് കസ്റ്റഡിയിലുള്ള കോവളം വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തുക. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പ്രതികള്‍ സമ്മതിച്ചതായാണു സൂചന. പ്രദേശവാസികളായ ഇരുവരും ബന്ധുക്കളാണ്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തവരില്‍ രണ്ടുപേരെ തിങ്കളാഴ്ച വിട്ടയച്ചിരുന്നു.

കസ്റ്റഡിയിലുള്ള ഇവര്‍ രണ്ടു ദിവസം മുന്‍പു തന്നെ കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു.ഇവര്‍ക്കെതിരായ തെളിവുകള്‍ കൂട്ടിയിണക്കാന്‍ വൈകിയതാണ് അറസ്റ്റ് നീട്ടിക്കൊണ്ടുപോയത്. കൊലപാതകത്തില്‍ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചതായാണ് വിവരം.

ശാരീരികപീഡനശ്രമത്തിനിടെ കൊലപാതകം നടന്നു എന്ന അനുമാനത്തിലാണ് പൊലീസ്. ലിഗയ്ക്ക് മയക്കുമരുന്നു നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പൊലീസ് നിഗമനം. ഇത്തരത്തില്‍ അന്വേഷണസംഘത്തിനു കുറ്റസമ്മതമൊഴി ലഭിച്ചിട്ടുണ്ട്. മയക്കുമരുന്നു നല്‍കി ലിഗയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും വീണ്ടും ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ലിഗ എതിര്‍ത്തുവെന്നുമാണ് മൊഴി.

എന്നാല്‍, ശാരീരികബന്ധമോ ബലാത്സംഗമോ നടന്നതിനുള്ള ശാസ്ത്രീയത്തെളിവുകള്‍ പൊലീസിനു ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം തെളിവുകള്‍ക്കായി വാഴമുട്ടം പ്രദേശത്ത് ദിവസങ്ങളായി നടത്തിവന്ന തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. ലിഗയുടെ ശവസംസ്‌കാരം വ്യാഴാഴ്ച നടക്കും. അതിനു മുന്‍പ് പ്രതികളുടെ അറസ്റ്റ് നടക്കും.

തുടക്കത്തില്‍ അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളാണ് കസ്റ്റഡിയിലുള്ളവര്‍ നല്‍കിയിരുന്നത്. ലിഗയെ കണ്ടിട്ടില്ലെന്ന് ആദ്യം പറഞ്ഞ ഇവര്‍, പിന്നീട് മൃതദേഹം കണ്ടുവെന്ന് തിരുത്തി. ശാസ്ത്രീയമായി നടത്തിയ ചോദ്യംചെയ്യലിലാണ് ഇരുവരും കുറ്റസമ്മതം നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

ഒരാഴ്ചയായി പ്രതികള്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. രാപകല്‍ നീണ്ട ചോദ്യംചെയ്യലില്‍ പോലീസിനു പിടികൊടുക്കാതെ പ്രതികള്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ഉമേഷ് കുറ്റം സമ്മതിക്കാന്‍ വിസമ്മതിച്ചുവെന്നും ഉദയന്റെ നിര്‍ണായക വെളിപ്പെടുത്തലാണ് അറസ്റ്റിലേക്കു വഴിവെക്കുന്നതെന്നുമാണ് വിവരം.

ബോട്ടിങ്ങിനെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ലിഗയെ കണ്ടല്‍ക്കാട്ടിലേക്കു കൊണ്ടു പോയതെന്ന് ഉദയന്‍ സമ്മതിച്ചിരുന്നു. ലിഗ രണ്ടുദിവസം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് ഉമേഷും ഉദയനും പൊലീസിനു മൊഴിനല്‍കിയിരിക്കുന്നത്.

ലിഗയുടെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ട് വ്യാഴാഴ്ച പൊലീസിനു ലഭിച്ചേക്കും. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നു ശേഖരിച്ച മുടിയുള്‍പ്പെടെയുള്ളവയുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും വിദഗ്ദ്ധസമിതി, പോലീസിനു കൈമാറും. ലിഗയുടെ മരണം സംബന്ധിച്ച അറസ്റ്റിലേക്കു നീങ്ങാന്‍ ഏറെ നിര്‍ണായകമാണ് ഈ രണ്ടു റിപ്പോര്‍ട്ടുകളും.

ലിഗയുടെ കൈയിലുള്ള പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊലപാതകം നടക്കാനുള്ള സാധ്യതയും പൊലീസ് അന്വേഷിക്കുന്നു. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ ഇത്തരമൊരു സൂചന നല്‍കിയിരുന്നു. പൊന്തക്കാട്ടില്‍വെച്ച് മയക്കുമരുന്നുപയോഗിച്ച ശേഷം പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായി. ലിഗയുടെ കൈയില്‍ 100 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതോടെ അവരെ പിടിച്ചുതള്ളിയ ശേഷം ഇവിടെനിന്നു പോയെന്നും പിന്നീട് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നുമായിരുന്നു മൊഴി. ഇത് പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. മയക്കുമരുന്നുപയോഗിച്ച ശേഷം ലിഗയെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചിട്ടുണ്ടാവാമെന്നും ലിഗ ചെറുത്തുനിന്നത് കൊലപാതകത്തില്‍ അവസാനിച്ചിരിക്കാമെന്നും പൊലീസ് കരുതുന്നു.

Top