ലിഗയുടെ മരണം; മൃതദേഹം കണ്ട സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തും

liga

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ മൃതദേഹം കണ്ട സ്ഥലത്ത് ഫോറന്‍സിക് വിദഗ്ദര്‍ പരിശോധന നടത്തും. മൃതദേഹം കണ്ട സ്ഥലത്തേയും സമീപത്തേയും കാടുകള്‍ വെട്ടിത്തെളിച്ചായിരിക്കും പരിശോധന നടത്തുന്നത്.

മൃതദേഹം കണ്ട ചെന്തിലക്കര ഭാഗത്തെ കണ്ടല്‍ക്കാടിനെ കുറിച്ച് ദുരൂഹതയുള്ള സാഹചര്യത്തിലാണ് പരിശോധന നടത്താന്‍ ഒരുങ്ങുന്നത്. കോവളത്ത് നിന്ന് വിദേശികളാരും ഇവിടെ എത്താന്‍ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ വിദേശികള്‍ ഇവിടെ വരാറുണ്ടെന്ന് തോണിക്കാരനായ നാഗേന്ദ്രനാണ് വെളിപ്പെടുത്തിയത്.

കണ്ടല്‍ക്കാടിന് സമീപം മയക്കുമരുന്ന് മാഫിയയടക്കം സജീവമാണെന്നാണ് പ്രദേശവാസികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കൊലപാതക സാധ്യത തേടിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മയക്കുമരുന്ന് ചീട്ടുകളി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. നൂറിലധികം പേരെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.

Top