തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതികളുടെ കണ്‍സള്‍ട്ടന്റായി ഡി.എം.ആര്‍.സി.യെ ചുമതലപ്പെടുത്തും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ലൈറ്റ് മെട്രോ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രാഥമിക ജോലികള്‍ക്കുള്ള ചുമതലയാണ് നിബന്ധനകള്‍ക്ക് വിധേയമായി ഡി.എം.ആര്‍.സി.യെ ഏല്‍പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചശേഷം മുഴുവന്‍ പ്രോജക്ടുകളുടേയും കണ്‍സള്‍ട്ടന്റായി ഡി.എം.ആര്‍.സി. യെ നിയമിക്കാനാണ് പദ്ധതി.
പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഒരു ഡെപ്യൂട്ടി കലക്ടറെ/സബ് ഡിവിഷണല്‍ ഓഫീസറെ(റവന്യൂ)യും ചുമതലപ്പെടുത്തിത്താനും മതിയായ ജീവനക്കാരെ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെട്രോക്കായി ഏകദേശം 1.9893 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് മെട്രോക്ക് ഏകദേശം 1.4474 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കും. തിരുവനന്തപുരം മെട്രൊയ്ക്കായി ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ ഏകദേശം 2.77 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കും. ശ്രീകാര്യം, പട്ടം, ഉള്ളൂര്‍ ഫ്‌ളൈ ഓവറുകളുടെ നിര്‍മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി 272.84 കോടി രൂപയുടെ ഭരണാനുമതി നല്‍കും. ഇതുമായി ബന്ധപ്പെട്ട ചിലവുകള്‍ക്ക് കെ.ഐ.ഐ.എഫ്.ബി ഫണ്ടിംഗ് നല്‍കുകയും നിര്‍ദ്ദിഷ്ട ഏജന്‍സിയായ കെ.ആര്‍.ടി.എല്ലിന്റെ ഫണ്ട് ഉപയോഗിച്ച് ഡി.എം.ആര്‍.സി. മുഖേന ടേണ്‍കീ പദ്ധതിയായി നടപ്പിലാക്കും.
തിരുവനന്തപുരം മെട്രോക്കായി തിരുവനന്തപുരം താലൂക്കിലെ പള്ളിപ്പുറം, കഴക്കൂട്ടം, പാങ്ങപ്പാറ, ചെറുവക്കാട്ട്, ഉള്ളൂര്‍, കവടിയാര്‍, പട്ടം, വഞ്ചിയൂര്‍, തൈക്കാട് വില്ലേജുകളില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കുക. കോഴിക്കോട് താലൂക്കിലെ ചേവായൂര്‍, നെല്ലിക്കോട്, കൊട്ടൂളി, കസബ, നഗരം, പന്നിയങ്കര, ചെറുവണ്ണൂര്‍ വില്ലേജുകളില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കുക.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ജനജീവിതത്തെ വലിയ തോതത്തിൽ ബാധിക്കുകയാണ്. ഇടുങ്ങിയ നിരത്തുകളും പൊതു ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും വാഹനപ്പെരുപ്പവും വർധിച്ചു വരുന്ന ജനസംഖ്യയും എല്ലാം ചേർന്ന് ദിവസംപ്രതി ഈ പ്രയാസം വർധിക്കുന്നു.
ഈ പ്രശ്നം പരിഹരിക്കാൻ സാധ്യമായ എല്ലാ മാര്ഗങ്ങളും തേടും. അങ്ങനെയുള്ള ഒരു പദ്ധതിയാണ് കൊച്ചിയിൽ നടപ്പാക്കുന്ന ജല മെട്രോ.
കൊച്ചി മെട്രോയുടെ പണി ത്വരിത ഗതിയിൽ പുരോഗമിക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും ലൈറ്റ് മെട്രോ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഗവർമെന്റ്. ഇന്ന് മന്ത്രിസഭായോഗം എടുത്ത തീരുമാനം ലൈറ്റ് മെട്രോ സംബന്ധിച്ചുള്ളതാണ്.
തിരുവനന്തപുരം – കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതികളുടെ പ്രാഥമിക ജോലികള്‍ക്കുള്ള കണ്‍സള്‍ട്ടന്റായി ഡി.എം.ആര്‍.സി.യെ നിബന്ധനകള്‍ക്ക് വിധേയമായി ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചശേഷം മുഴുവന്‍ പ്രോജക്റ്റുകളുടേയും കണ്‍സള്‍ട്ടന്റായി ഡി.എം.ആര്‍.സി. യെ നിയമിക്കും. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ ഒരു ഡെപ്യൂട്ടി കലക്റ്ററെ/സബ് ഡിവിഷണല്‍ ഓഫീസറെ (റവന്യൂ) ചുമതലപ്പെടുത്തി. മതിയായ ജീവനക്കാരെ അനുവദിക്കാനും തീരുമാനിച്ചു.
തിരുവനന്തപുരം മെട്രോക്കായി ഏകദേശം 1.9893 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് മെട്രോക്ക് ഏകദേശം 1.4474 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കും. തിരുവനന്തപുരം മെട്രൊയ്ക്കായി ഫ്ലൈ ഓവര്‍ നിര്‍മ്മിക്കാന്‍ ഏകദേശം 2.77 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കും. ശ്രീകാര്യം, പട്ടം, ഉള്ളൂര്‍ ഫ്ലൈ ഓവറുകളുടെ നിര്‍മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി 272.84 കോടി രൂപയുടെ ഭരണാനുമതി നല്‍കും. ഇതുമായി ബന്ധപ്പെട്ട ചിലവുകള്‍ക്ക് KIIFB ഫണ്ടിംഗ് നല്‍കുകയും നിര്‍ദിഷ്ട ഏജന്‍സിയായ കെ.ആര്‍.റ്റി.എല്‍.ന്റെ ഫണ്ട് ഉപയോഗിച്ച് ഡി.എം.ആര്‍.സി. മുഖേന turnkey പദ്ധതിയായി നടപ്പിലാക്കാനും തീരുമാനിച്ചു.
തിരുവനന്തപുരം മെട്രോക്കായി തിരുവനന്തപുരം താലൂക്കിലെ പള്ളിപ്പുറം, കഴക്കൂട്ടം, പാങ്ങപ്പാറ, ചെറുവക്കാട്ട്, ഉള്ളൂര്‍, കവടിയാര്‍, പട്ടം, വഞ്ചിയൂര്‍, തൈക്കാട് വില്ലേജുകളില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കുക. കോഴിക്കോട് താലൂക്കിലെ ചേവായൂര്‍, നെല്ലിക്കോട്, കൊട്ടൂളി, കസബ, നഗരം, പന്നിയങ്കര, ചെറുവണ്ണൂര്‍ വില്ലേജുകളില്‍ നിന്നാണ് ഭൂമി ഏറ്റെടുക്കുക.