തമിഴ്‌നാട്ടിലും കര്‍ണാടകയിലും നേരിയ ഭൂചലനം; നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം. തമിഴ്‌നാട് ചെങ്കല്‍പെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ കര്‍ണാടകയിലെ വിജയപുരയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി എക്സില്‍ പോസ്റ്റ് ചെയ്തു. പുലര്‍ച്ചെ 6.52-നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.1തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, ചെന്നൈയിലെ പ്രളയവുമായി ഭൂചലനത്തിന് ബന്ധമുണ്ടോയെന്ന് വിദഗ്ധര്‍ പരിശോധിക്കുകയാണ്. മഴ കുറഞ്ഞതോടെ വെള്ളക്കെട്ട് നീങ്ങിയെങ്കിലും തമിഴ്‌നാട്ടില്‍ ദുരിതം തുടരുകയാണ്. പ്രളയദുരിതത്തിന്റെ അടുത്തഘട്ടത്തിലേക്ക് നഗരം നീങ്ങുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങി. ഇത് പകര്‍ച്ചവ്യാധിക്ക് കാരണമാകുമെന്നാണ് ആശങ്ക.

നിലവില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലാണ് അധികൃതരുടെ ശ്രദ്ധ. മഴമാറി നാലുദിവസം കഴിഞ്ഞിട്ടും വെള്ളക്കെട്ടുമൂലമുള്ള ദുരിതം തുടരുകയാണ്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ഇടങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ചവന്നിട്ടുണ്ടെന്ന് ജനങ്ങള്‍ പറയുന്നു.

Top