സിക്കിമില്‍ മിന്നല്‍ പ്രളയം; 23 ഓളം സൈനികര്‍ ഒഴുക്കില്‍പ്പെട്ടു, കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുന്നു

ഗാങ്‌ടോക്ക്: സിക്കിമില്‍ മിന്നല്‍ പ്രളയം. ലൊനാക് തടാക പ്രദേശത്തുണ്ടായ മേഘ വിസ്‌ഫോടനത്തെ തുടര്‍ന്ന് ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കം ഉണ്ടായി. സൈനിക ക്യാമ്പ് മുങ്ങി. ടീസ്റ്റ നദിയുടെ തീരത്തുണ്ടായിരുന്ന ആര്‍മി ക്യാമ്പുകളാണ് പ്രളയജലത്തില്‍ മുങ്ങിയത്. 23 ഓളം സൈനികരെ ഒഴുക്കില്‍പ്പെട്ട് കാണാതായതായി റിപ്പോര്‍ട്ട്. കാണാതായവര്‍ക്കായി സൈന്യം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സിങ്താമിന് സമീപമുള്ള ബര്‍ദാംഗില്‍ നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ചെളിയില്‍ പുതഞ്ഞ നിലയിലാണ്. ചുങ് താങ് അണക്കെട്ടില്‍ നിന്ന് വെള്ളം വിട്ടതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ടീസ്റ്റ നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകര്‍ന്നു. ജനവാസ മേഖലകളും പ്രളയജലത്തില്‍ മുങ്ങി. നിരവധി റോഡുകള്‍ തകര്‍ന്നു.

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ഭരണകൂടം മുന്‍കരുതല്‍ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി. സിക്കിം സര്‍ക്കാര്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ടീസ്റ്റ നദീതീരത്ത് താമസിക്കുന്നവര്‍ പ്രദേശത്തുനിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Top