ഐഎഫ്എഫ്കെ; ‘ചുരുളി’യ്ക്ക് മികച്ച പ്രതികരണം

തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ രണ്ടാം ദിനം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ചുരുളിയുടെ ആദ്യ പ്രദര്‍ശനം നടന്നു. വ്യാഴാഴ്ച ടാഗോര്‍ തിയേറ്ററിലാണ് പ്രദര്‍ശിപ്പിച്ചത്. ചുരുളിയുടെ ആദ്യ പ്രദര്‍ശനമായിരുന്നു ടാഗോറില്‍ നടന്നത്. മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പമാണ് ചുരുളിയും പ്രദർശനത്തിനെത്തിയത്. ടാഗോർ തിയേറ്ററിനു മുന്നിൽ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും വലിയ ക്യൂവാണ് അനുഭവപ്പെട്ടത്.

ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ സിനിമയുടെ റിസര്‍വേഷന്‍ പൂര്‍ണമായിരുന്നു. റിസര്‍വേഷന്‍ ഇല്ലാതെ തിയേറ്ററില്‍ പ്രവേശനമുണ്ടാവില്ലെന്ന് ഇത്തവണത്തെ മേളയുടെ നിബന്ധനയിലുണ്ടായിരുന്നു. എന്നാല്‍, ചുരുളി സിനിമ കാണണമെന്നാവശ്യപ്പെട്ട് ഡെലിഗേറ്റുകള്‍ ബഹളമുണ്ടാക്കി. റിസര്‍വേഷനിലൂടെ സീറ്റുകള്‍ എല്ലാം മുന്‍കൂട്ടി ബുക്ക് ചെയ്തതിനാല്‍ മറ്റുള്ളവരെ തിയേറ്ററിലേക്ക് കടത്തിവിട്ടില്ല. ഇതാണ് വാക്കുതര്‍ക്കത്തിനു കാരണമായത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.

Top