കൊച്ചി: വനിതാ സിനിമാ സംഘടനയെയും അതിന്റെ ഭാരവാഹികളെയും മാത്രമല്ല, ആ സംഘടനയുടെ നിലപാടുകളെയുമാണ് യുവ സംവിധായകൻ ലിജു കൃഷ്ണ ഇപ്പോൾ പൊളിച്ചടുക്കിയിരിക്കുന്നത്. താൻ കഥയെഴുതി സംവിധാനം ചെയ്ത പടവെട്ട് സിനിമക്കെതിരെ ഗീതു മോഹൻദാസ് നിരന്തരം മോശം പ്രചാരണം നടത്തിയെന്നും, തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും, ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയിൽനിന്നു മായ്ക്കാൻ ശ്രമിച്ചെന്നുമുള്ള ഗുരുതര ആരോപണമാണ് ലിജു ഉന്നയിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ സംഘടനകളിലേക്കും ഓൾ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്കു പോലും തന്റെ പേര് മാറ്റാനായുള്ള കത്തുകൾ പോയിട്ടുണ്ടെന്നും സംവിധായകൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത് തന്റെ പേര് വെള്ളിത്തിരയിൽ എഴുതി കാണിച്ചു കഴിഞ്ഞിട്ടു പോലും പേര് മാറ്റണമെന്ന് പരാതി അയച്ചതിനുള്ള തെളിവുകളും ലിജു കൃഷ്ണ പുറത്ത് വിട്ടിട്ടുണ്ട്. ഗൗരവമായ വെളിപ്പെടുത്തലായാണ് ഇതിനെ സമൂഹം നോക്കി കാണുന്നത്. താരങ്ങളും സംവിധായകരും നിർമ്മാതാക്കളും ഉൾപ്പെടെ വലിയ ഒരു വിഭാഗം ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംവിധായകരുടെ സംഘടനയായ ഫെഫ്കയിലും വിഷയം എത്തിയിട്ടുണ്ട്.
താര സംഘടനയായ അമ്മയോട് കലഹിച്ച് പുറത്ത് പോയ താരമാണ് ഗീതു മോഹൻദാസ്, അവർ ഡബ്ല്യുസിസിയുടെ പ്രധാന സംഘാടകയുമാണ്. മറ്റു സിനിമാ താരങ്ങളും യുവ സംവിധായകന്റെ ഈ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി തരിച്ച് നിൽക്കുകയാണ്. സ്ത്രീ പീഢന പരാതിക്കു പിന്നിൽ പോലും ഗീതു മോഹൻദാസ് ആണെന്ന് സംശയമുണ്ടെന്ന് പറയുക വഴി, ഒരു പൊലീസ് അന്വേഷണത്തിനുള്ള സാധ്യത കൂടിയാണ് ലിജു കൃഷ്ണ തുറന്നിട്ടിരിക്കുന്നത്.
അതേസമയം, ഗീതു മോഹൻദാസ് തകർക്കാൻ ശ്രമിച്ചെന്ന് സംവിധായകൻ ആരോപിച്ച പടവെട്ട് സിനിമ, സൂപ്പർ ഹിറ്റിലേക്കാണ് ഇപ്പോൾ കുതിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രവും അതിലെ കഥാപാത്രവും നിവിന്‍ പോളിയുടെ ഫിലിമോഗ്രഫിയില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. അവതരണം റിയലിസ്റ്റിക് ആയിരിക്കുമ്പോള്‍ത്തന്നെ, ഡ്രാമയുടെ ഘടകങ്ങള്‍ സിനിമാറ്റിക് ആയി കോര്‍ത്തെടുത്തുമാണ് ലിജു കൃഷ്‍ണ കഥ പറയുന്നത്. മലബാറിന്റെ ഗ്രാമ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തെ അവിടുത്തെ ഭാഷയും അനുഷ്ഠാനങ്ങളും മിത്തുകളുമൊക്കെ ദൃശ്യ- ശ്രവ്യ അനുഭവമെന്ന നിലയില്‍ ചിത്രത്തെ മണ്ണില്‍ ഉറപ്പിച്ച് നിര്‍ത്തുന്നുണ്ട്. നിവിന്‍ പോളിയുടെ നായക കഥാപാത്രത്തിനൊപ്പം ചില രംഗങ്ങളില്‍ മാത്രം വന്നുപോകുന്ന കഥാപാത്രങ്ങള്‍ക്കു പോലും അതിന്റേതായ വ്യക്തിത്വം നല്‍കിയിട്ടുണ്ട് എന്നതാണ് ലിജു കൃഷ്ണയുടെ തിരക്കഥയുടെ പ്രത്യേകത.
ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റാക്കുന്ന സംവിധായകൻ എന്ന ഇമേജ് , ലിജു കൃഷ്ണയ്ക്ക് നിലവിൽ സിനിമാ മേഖലയിൽ കൂടുതൽ പിന്തുണ നേടി കൊടുക്കാൻ വഴി ഒരുക്കിയിട്ടുണ്ട്. ഇത് ഗീതു മോഹൻദാസിനും അവരുടെ സംഘടനയ്ക്കുമാണ് ആത്യന്തികമായി വലിയ തിരിച്ചടിയായി മാറാൻ പോകുന്നത്.
ഇഷ്ടമില്ലാത്തവരെ ഒന്നുമല്ലാതിക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന നിലപാടാണ് പ്രമുഖ സിനിമാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കുള്ളത്. വരും ദിവസങ്ങളിൽ ഇതു സംബന്ധമായി കൂടുതൽ വെളിപ്പെടുതലുകൾ ഉണ്ടാകുമെന്നു തന്നെയാണ് സൂചന.
ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്ന്, പടവെട്ടിന്റെ റിലീസിനു മുന്നോടിയായി നടത്തിയ മാധ്യമസമ്മേളനത്തിലാണ് ലിജു ആരോപിച്ചിരുന്നത്. പൂർണ്ണ രൂപം ചുവടെ :-
പടവെട്ട് സിനിമക്കെതിരെ ഗീതു മോഹൻദാസ് നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയിൽനിന്നു മായ്ക്കാൻ ശ്രമിച്ചെന്നും ലിജു ആരോപിച്ചു.
പടവെട്ട് സിനിമയുടെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ വന്നതോടെ അവര്‍ക്ക് വൈരാഗ്യമുണ്ടായതായും അതിന്റെ പേരിലാണ് തന്നെ ദ്രോഹിച്ചതെന്നും ലിജു കൃഷ്ണ പറഞ്ഞു. പീഡന പരാതിക്ക് പിന്നില്‍ ഗീതു ആണോ എന്ന് അന്വേഷിക്കട്ടെയെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ലിജു കൃഷ്ണ അറിയിച്ചു. പേര് എടുത്തു മാറ്റുകയാണെങ്കിൽ സിനിമയെ അവർ സപ്പോർട്ട് ചെയ്യാമെന്നു പോലും ചർച്ച ഉണ്ടായിട്ടുണ്ട്. ഈ വിഷയം എന്റെ കൂട്ടുകാർക്കും പ്രൊഡക്‌ഷന്‍ ടീമിനും അറിയാവുന്നതുകൊണ്ടുതന്നെ അവരെ ബോധ്യപ്പെടുത്താൻ എനിക്ക് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല.
ഇതോടെ ചില മാധ്യമങ്ങളിൽ ഇതിനെ പറ്റിയുള്ള വാർത്തകൾ വന്നു തുടങ്ങി. മുഖ്യധാരാമാധ്യമങ്ങൾ ഒന്നും ഇങ്ങനെ വാർത്ത കൊടുത്തില്ല. പക്ഷേ പിന്നെ അറിയാൻ കഴിഞ്ഞത് ഈ മാധ്യമങ്ങളും അത് കൊടുക്കുന്നവരും അവരുടെ വളരെ അടുത്ത ആളുകളാണെന്നാണ്. എന്നെയും എന്റെ കുടുംബത്തെയും സിനിമയെയും എന്റെ കൂട്ടുകാരെയും വളരെ ബുദ്ധിമുട്ടിച്ച കാര്യമായിരുന്നു അത്. ഈ സംസാരം കൂടിക്കൂടി സിനിമ ഇറക്കാൻ സമ്മതിക്കില്ല എന്ന് വരെ എത്തി. പ്രൊഡ്യൂസറും മറ്റ് സംഘടനകളും ഈ മെയിലുകൾക്കൊക്കെ കൃത്യമായ മറുപടികൾ നൽകിയിട്ടുണ്ടാകാം. ഞാൻ ചെയ്ത എന്റെ സിനിമയിൽ എന്റെ പേര് നിലനിർത്താൻ വേണ്ടി വലിയ പോരാട്ടമാണ് നടന്നത്. ആ പോരാട്ടത്തിൽ എന്റെ കൂടെ നിന്ന വ്യക്തികളാണ് ഇവിടെ ഇരിക്കുന്നത്. ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകാൻ സമ്മതിക്കില്ല എന്ന് അവർ പറഞ്ഞുകൊണ്ടേയിരുന്നു. എന്തു സംഭവിച്ചാലും എന്റെ പേരില്ലാതെ ഈ സിനിമ റിലീസ് ചെയ്യില്ല എന്ന് പ്രധാന നടനായ നിവിൻ പോളിയും പ്രൊഡ്യൂസർ സണ്ണി വെയ്നും തീരുമാനം എടുത്തു. അതിന്റെ പേരിൽ എന്ത് സംഭവിച്ചാലും അതിന് ഒരു കുഴപ്പവുമില്ല എന്നായിരുന്നു അവരുടെ നിലപാട്. അതിന്റെയൊക്കെ ഫലമായി സിനിമ ഇപ്പോൾ റിലീസ് ചെയ്യാൻ പോവുകയാണ്.
ഇവിടെനിന്ന് പുറത്തിറങ്ങിയാൽ ഞങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ പറ്റില്ല. ഇവർ വലിയ ശക്തരാണ്, ഇവർ നമ്മളെ എല്ലാത്തിൽനിന്നും മാറ്റി നിർത്തി നമുക്കു രാഷ്ട്രീയ ബോധമില്ലെന്ന് വരുത്തിത്തീർത്ത് അരികുവൽക്കരിച്ച് നമ്മളെ ചാപ്പ കുത്തിക്കളയും. നന്മയെയും തിന്മയെയും സാമൂഹികബോധത്തെയും കൃത്യമായി ഡീൽ ചെയ്യുന്ന ആളുകൾ തന്നെയാണ് ഇവരും. പക്ഷേ നമ്മളെ വളരെ ഭംഗിയായി കോർണർ ചെയ്യാനുള്ള ശക്തി ഇവർക്കുണ്ട്. പുറത്തിറങ്ങിയാൽ എനിക്ക് എന്താണ് സംഭവിക്കാൻ പോകുന്നത് എന്നറിയില്ല. പക്ഷേ എന്ത് സംഭവിച്ചാലും എനിക്ക് പേടിയില്ല. പേടിയില്ലാതാകുന്ന ഒരു നിലയിലേക്ക് ഒരു മനുഷ്യൻ എത്തപ്പെടുന്നത് അവനെ ചൂഷണം ചെയ്യുമ്പോഴാണ് എന്നാണ് ഞാൻ മനസ്സിലാക്കിയത്.
കേരളത്തിലെ എല്ലാ സംഘടനകളിലേക്കും ഓൾ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്കു പോലും എന്റെ പേര് മാറ്റാനായുള്ള കത്തുകൾ പോയിട്ടുണ്ട്. ഇന്ന് എന്റെ സിനിമ റിലീസ് ചെയ്ത് എന്റെ പേര് വെള്ളിത്തിരയിൽ എഴുതി കാണിച്ചപ്പോൾ ഇന്നു പോലും എന്റെ പേര് മാറ്റണമെന്ന് പരാതി അയച്ചതിന്റെ തെളിവുണ്ട്. പുതിയ ആൾക്കാരെ സംബന്ധിച്ച് ഇത്തരം നടപടി വളരെ പരിതാപകരമാണ്. സംഘടനകൾ ഇതിനെതിരെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമപരമായ വിഷയത്തിന് നിയമപരമായി സമീപിക്കണം എന്നുള്ളതുകൊണ്ടാണ് നിവിൻ പോളിയോ സണ്ണി വെയ്നോ ഇതിനെതിരെ ഒരു പ്രതികരണവും നടത്താത്തത്. ഈ വിഷയം പുറത്ത് പറയണമെന്ന് എന്നെക്കാളും ആഗ്രഹിച്ച വ്യക്തികളാണ് അവർ. നിങ്ങൾ അവരോട് എപ്പോൾ ചോദിച്ചാലും അവരുടെ പ്രതികരണം ഞങ്ങൾ പറഞ്ഞത് തന്നെ ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.’’–ലിജു കൃഷ്ണ പറഞ്ഞു.