രണ്‍വീര്‍ സിങ്ങും പോണ്‍ താരം ജോണി സിന്‍സും ഒരുമിച്ചുള്ള പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടെലിവിഷന്‍ താരം റഷാമി ദേശായി. ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ പരസ്യം അപമാനിച്ചതായും മുഖത്ത് അടി കിട്ടിയത് പോലെ തോന്നിയെന്നും റഷാമി പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പരസ്യം പങ്കുവച്ചുകൊണ്ടാണ് ടിവി താരം തന്റെ ശക്തമായ വിമര്‍ശനം അറിയിച്ചത്.
‘ഹിന്ദി ടെലിവിഷന്‍ സീരിയലുകളെ പരിഹസിക്കുന്ന രീതിയിലാണ് പരസ്യ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സീരിയല്‍ അഭിനേതാക്കള്‍ ബിഗ് സ്‌ക്രീനില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു, എല്ലാവരും ഇവിടെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എല്ലാ ടിവി ഷോകളും ഗംഭീരം ആണെന്ന് പറയുന്നില്ല. അതിനാല്‍ ചില യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നു കാണിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ ടിവി വ്യവസായത്തെ പരിശോധിക്കുമ്പോള്‍ ഈ പരസ്യം മുഖത്ത് കിട്ടിയ അടിയായി എനിക്ക് തോന്നി. ടിവി രംഗത്ത് മാന്യമായി ഇപ്പോഴും യാത്ര ചെയ്യുന്നയാള്‍ എന്ന നിലയില്‍ എന്റെ വികാരമായി കണ്ടാല്‍ മതി’ റഷാമി പറഞ്ഞു.
തിങ്കളാഴ്ചയാണ് രണ്‍വീറും ജോണ്‍ സിന്‍സും ചേര്‍ന്നുള്ള പരസ്യം പുറത്തിറങ്ങിയത്. ബോള്‍ഡ് കെയര്‍ എന്ന, ഉദ്ധാരണ ശേഷി കുറവുള്ളവര്‍ കഴിക്കുന്ന ടാബ്ലെറ്റിന്റെ ബ്രാന്‍ഡ് അംബാസഡറാണ് രണ്‍വീര്‍. ലൈംഗിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന പരസ്യത്തില്‍ ജോണി സിന്നിന്റെ സഹോദരനായാണ് രണ്‍വീര്‍ അഭിനയിച്ചത്.