കൊല്‍ക്കത്ത: ആറ് റോഹിങ്ക്യന്‍ കുട്ടികളടക്കം 33 നിര്‍ധനരായ പെണ്‍കുട്ടികള്‍ ഫാഷന്‍ റാംപിലേക്കെത്തുന്നു. ബംഗാളി ബ്രാന്‍ഡില്‍ രൂപ കല്പന ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അവര്‍ ഫാഷന്‍ ഷോയിലെത്തുക. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടുത്ത മാസം കൊല്‍ക്കത്തയില്‍ നടക്കുന്ന പരിപാടിയിലാണ് ഇവര്‍ പങ്കെടുക്കുക.
സംസ്ഥാനത്തെ ഏറ്റവും വലിയ അഭയ കേന്ദ്രമായ ‘ലിലുവ’യില്‍ താമസിക്കുന്ന പെണ്‍കുട്ടികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ക്രൂര പീഡനത്തിനിരയായവരും, കഷ്ടപ്പാടില്‍ നിന്ന് രക്ഷപ്പെട്ടവരും, ആരും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ടവരും ഇതില്‍പ്പെടുന്നുണ്ട്. പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ് ഇവരേറേയും.
പല വിധ കഷ്ടപ്പാടുകളില്‍ നിന്നും പീഡനത്തിനും ഇരയായി സര്‍ക്കാരിന്റെ സംരക്ഷണയില്‍ അഭയകേന്ദ്രത്തില്‍ എത്തിയ പെണ്‍കുട്ടികളാണ് ഇവര്‍. ഇവര്‍ക്ക് ധരിക്കാനുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത് ഇവരുടെ തന്നെ സഹപ്രവര്‍ത്തകരാണ്. ബംഗ്ലാദേശിലെ അന്തര്‍ ദേശീയ ഡിസൈനറായ ബീബി റസലാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.
കൊല്‍ക്കത്തയിലെ ഉട്രിനോയിലെ സംസ്ഥാന ഓഡിറ്റോറിയത്തില്‍ മാര്‍ച്ച് ഏഴിനാണ് മത്സരം സംഘടിപ്പിക്കുന്നത്. നമ്മുടെ കുട്ടികള്‍ പിന്നോട്ട് പോകേണ്ടവരല്ല, അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് ലിലുവ അഭയ കേന്ദ്രത്തിലെ അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ കഴിവുകള്‍ വര്‍ധിപ്പിക്കണം, അവരില്‍ നല്ല ചിന്തകള്‍ ഉണ്ടാക്കിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് സംസ്ഥാന കുട്ടികളുടെ അവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ അനന്യ ചക്രവര്‍ത്തി അറിയിച്ചു.
ബംഗാളി ബ്രാന്‍ഡിന്റെ ലോഗോ രൂപ കല്പന ചെയ്തത് മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. കുട്ടികള്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ബിശ്വ ബംഗളാ സ്റ്റാളുകളിലൂടെ വില്പനയെക്കെത്തുമെന്നും അനന്യ അറിയിച്ചു.
കഴിഞ്ഞ എപ്രില്‍ മാസത്തിലാണ് ലിലുവയില്‍ ബിബി റസല്‍ പരിശീലനം നല്‍കാന്‍ എത്തിയത്. നിലവില്‍, ലിലുവയില്‍ രോഹിങ്ക്യന്‍ കുട്ടികളടക്കം 200 പെണ്‍കുട്ടികളാണ് ഉള്ളത്.