ബെംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശം കര്‍ണ്ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു. കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണ നല്‍കുമെന്ന് ലിംഗായത്ത് നേതാക്കള്‍ അറിയിച്ചു. ലിംഗായത്തിന് പ്രത്യേക ന്യൂനപക്ഷ മതപദവി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിക്കില്ലെന്ന അമിത്ഷായുടെ പരാമര്‍ശമാണ് ലിംഗായത്തുകാരെ ചൊടിപ്പിച്ചത്.
ശനിയാഴ്ച മുപ്പതോളം ലിംഗായത്ത് സന്ന്യാസിമാരുടെ യോഗത്തിനുശേഷമാണ് ലിംഗായത്തിന്റെ ആദ്യ വനിതാ മഠാധിപതി മാതെ മഹാദേവി ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടത്. ന്യൂനപക്ഷ മതപദവിയെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുമെന്ന് ചിത്രദുര്‍ഗ മുരുക രാജേന്ദ്രമഠത്തിലെ ശിവമൂര്‍ത്തി മുരുക ശരണരു സ്വാമി പറഞ്ഞു.
കഴിഞ്ഞദിവസം വീരശൈവ സന്ന്യാസിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വീരശൈവ-ലിംഗായത്ത് സമൂഹങ്ങളെ വേര്‍തിരിക്കാന്‍ കേന്ദ്രം അനുവദിക്കില്ലെന്ന് അമിത്ഷാ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബെംഗളൂരു ബസവ ഭവനില്‍ ലിംഗായത്ത് മഠാധിപതിമാര്‍ യോഗം ചേര്‍ന്നത്. അമിത്ഷായുടെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനമാണ് ലിംഗായത്ത് സന്ന്യാസിമാര്‍ ഉന്നയിച്ചത്. വീരശൈവരെയും ലിംഗായത്തുകളെയും വേര്‍തിരിക്കാന്‍ അനുവദിക്കില്ലെന്നുപറയാന്‍ അമിത്ഷായ്ക്ക് എന്താണ് അധികാരമെന്ന് കൂഡലസംഗമ മഠത്തിലെ മൃത്യുഞ്ജയസ്വാമി ചോദിച്ചു.
വര്‍ഷങ്ങളായി ലഭിക്കുന്ന ലിംഗായത്ത് വോട്ടുകള്‍ നഷ്ടപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നതാണ് ബി.ജെ.പി.യെ ആശങ്കപ്പെടുത്തുന്നത്. 224 മണ്ഡലങ്ങളില്‍ 123 മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമാണ് ലിംഗായത്തുകള്‍ക്കുള്ളത്. ഏതെങ്കിലും വിഭാഗം തിരഞ്ഞെടുപ്പിനു മുമ്പ് ഒരു പാര്‍ട്ടിക്ക് പിന്തുണ നല്‍കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നത് അടുത്തകാലത്തൊന്നും കര്‍ണാടകത്തില്‍ ഉണ്ടായിട്ടില്ല.
ന്യൂനപക്ഷമതപദവി നല്‍കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രം അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം മുരുക ശരണരു സ്വാമി അമിത്ഷായ്ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, അന്ന് കൃത്യമായ മറുപടി പറയാതിരുന്ന അമിത്ഷാ കഴിഞ്ഞ ദിവസം വീരശൈവ സന്ന്യാസിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.