ഉന: ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്ന് തൊലിയുരിഞ്ഞെന്ന് ആരോപിച്ച് ഗോരക്ഷകര്‍ മര്‍ദ്ദിച്ച ദളിത് യുവാക്കളല്ല സിംഹമാണ് പശുവിനെ കൊന്നതെന്ന് ഗുജറാത്ത് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (സി.ഐ.ഡി).
മര്‍ദ്ദനമേറ്റ വാസാറാമിന്റെ പിതാവ് ബാലു സര്‍വയ്യ ബേദിയ ഗ്രാമത്തില്‍ നിന്നും രാവിലെ എട്ടു മണിയോടെ സിംഹം കൊന്ന ഒരു പശുവിന്റെ അവശിഷ്ടങ്ങള്‍ മറവുചെയ്യാന്‍ ഒരാളെ വേണമെന്ന് ആവശ്യപ്പെട്ട് തനിക്ക് ഫോണ്‍ വന്നു എന്നു പറയുന്നു. തുടര്‍ന്ന് അതിനായി അദ്ദേഹം മകനെ പറഞ്ഞയച്ചു.
അവിടെയെത്തിയ വാസാറാമും മറ്റുള്ളവരും പശുവിന്റെ തോലുരിക്കുമ്പോള്‍ വെള്ള നിറത്തിലുള്ള ഒരു വാഹനം അതു വഴി കടന്നു പോയി. കുറച്ചു സമയത്തിനുള്ളില്‍ മോട്ടോര്‍ സൈക്കുളുകളില്‍ പത്തു മുപ്പത്തഞ്ചു പേരുമായി തിരികെയെത്തിയ അവര്‍ വാസാറാമിനെയും കൂടെയുള്ളവരെയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സി.ഐ.ഡി.
സാമൂഹിക മാദ്ധ്യമങ്ങളില്‍ ആരാണ് യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിപ്പിച്ചത്, ആരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്, ആരുടെ നിര്‍ദ്ദേശങ്ങളാണ് പ്രതികള്‍ കേട്ടത് എന്നിവ കണ്ടെത്തേണ്ടതുണ്ട്. ഉന പൊലീസും സംശയത്തിന്റെ നിഴലിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലു പൊലീസുകാര്‍ സസ്‌പെന്‍ഷനിലാണ്