ബാഴ്സലോണ വിട്ട ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഫ്രഞ്ച് ഭീമന്‍മാരായ പി.എസ്.ജിയില്‍ ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ട്. താരം ക്ലബ്ബുമായി രണ്ട് വര്‍ഷത്തെ കരാറില്‍ ധാരണയായെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മെസി എത്തുന്നതോടെ സൂപ്പര്‍ താരം കെയ്ലിന്‍ എംബാപ്പെ പി.എസ്.ജി വിട്ടേക്കുമെന്നാണ് സൂചന.
ബാഴ്സ വിട്ടതിന് പിന്നാലെ പി.എസ്.ജി മേധാവി മൗറീഷ്യോ പോഷെറ്റിനോ മെസിയുമായി ബന്ധപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് താരം ക്ലബ്ബിലേക്ക് മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ഒരാഴ്ചക്കുള്ളില്‍ ക്ലബ്ബുമായുള്ള കരാറില്‍ താരം ഒപ്പുവെയ്ക്കുമെന്നാണ് അനൗദ്യോഗിക വിവരം. താരം പി.എസ്.ജിയില്‍ എത്തുമെന്ന് ഖത്തര്‍ രാജകുടുംബാംഗം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
മുന്‍ ബാഴ്സ താരവും മെസിയുടെ ഏറ്റവുമടുത്ത സുഹൃത്തുമായ ബ്രസീലിയന്‍ താരം നെയ്മര്‍ കളിക്കുന്ന ക്ലബ്ബാണ് പി.എസ്.ജി. കൂടാതെ അര്‍ജന്റീനയില്‍ മെസിയുടെ സഹ കളിക്കാരന്‍ കൂടിയായ എയ്ഞ്ചല്‍ ഡി മരിയയും പി.എസ്.ജിയുടെ താരമാണ്. ഇത് കൂടാതെ തന്നെ മെസിയുടെ വരവ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത താങ്ങാനും ഫ്രഞ്ച് ഭീമന്‍മാരായ പി.എസ്.ജിക്ക് സാധിക്കും.
മുന്‍ ബാഴ്സ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും മെസിയെ സ്വന്തമാക്കാന്‍ മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരം ജാക്ക് ഗ്രീലിഷിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയതിനാല്‍ മെസിയെ ക്ലബ്ബിലെത്തിക്കുമെന്ന് ഗ്വാര്‍ഡിയോള വ്യക്തമാക്കിയിട്ടുണ്ട്.
ബാഴ്സലോണയുമായുള്ള 21 വര്‍ഷം നീണ്ട കരാറാണ് മെസി കഴിഞ്ഞ ദിവസം അവസാനിപ്പിച്ചത്. 13-ാം വയസില്‍ ബാഴ്സയിലെത്തിയ മെസി തുടര്‍ന്നും ക്ലബ്ബില്‍ കളിക്കുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നെങ്കിലും സാമ്പത്തികവും സാങ്കേതികവുമായ പ്രശ്നങ്ങള്‍ കാരണം താരം കരാര്‍ പുതുക്കാതെ ക്ലബ് വിടുകയായിരുന്നു.