ബാര്‍സലോണ: ലാ ലിഗയില്‍ രണ്ടാം മത്സരത്തിലും തുടര്‍ച്ചയായ ഇരട്ട ഗോള്‍ സ്വന്തമാക്കി ലയണല്‍ മെസ്സി. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ബാഴ്സലോണ ഗ്രനാഡയെ തകര്‍ത്തത്. മെസ്സിയെക്കൂടാതെ ആന്റോയിന്‍ ഗ്രീസ്മാനാണ് ടീമിനായി ഇരട്ട ഗോളുകള്‍ നേടിയത്. മെസ്സി 35, 42 മിനിട്ടുകളിലും ഗ്രീസ്മാന്‍ 12, 63 മിനിറ്റുകളിലും ഗോള്‍ നേടി. ഫ്രീകിക്കില്‍ നിന്നാണ് മെസ്സി ഗോള്‍ നേടിയത്.
പ്രതിരോധ താരങ്ങള്‍ അണിനിരന്നെങ്കിലും പന്ത് അവരുടെ കാലിനടിയിലൂടെ കടത്തിവിട്ട് ഗോള്‍കീപ്പറെ നിസ്സഹായനാക്കി മെസ്സി ഗോള്‍ നേടി. ഈ വിജയത്തോടെ ബാര്‍സലോണ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. 18 മത്സരങ്ങളില്‍ നിന്നും 10 വിജയങ്ങള്‍ നേടിയ ടീമിന് 34 പോയന്റാണുള്ളത്.
എന്നാല്‍ താരതമ്യേന ദുര്‍ബലരായ ഒസാസുനയോട് റയല്‍ സമനില വഴങ്ങി. ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിട്ടും റയലിന് ഗോള്‍ നേടാനായില്ല. സമനില വഴങ്ങിയെങ്കിലും ടീം പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 18 മത്സരങ്ങളില്‍ നിന്നും 11 ജയങ്ങളുമായി 37 പോയന്റുകളാണ് ടീമിനുള്ളത്. വെറും 15 മത്സരങ്ങളില്‍ നിന്നും 38 പോയന്റ് നേടിയ അത്‌ലറ്റിക്കോ മഡ്രിഡാണ് പട്ടികയില്‍ ഒന്നാമത്. മറ്റുമത്സരങ്ങളില്‍ സെവിയ്യ റയല്‍ സോസിഡാഡിനെയും വിയ്യാറയല്‍ സെല്‍റ്റ വിഗോയെയും പരാജയപ്പെടുത്തി.