അര്‍ജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി ലിയോണല്‍ സ്‌കലോണി

റിയോ ഡെ ജനീറോ: അര്‍ജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി ലിയോണല്‍ സ്‌കലോണി. ലോകകപ്പ് ബ്രസീലിനെതിരായ മത്സരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്‌കലോണി. മരക്കാനയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. രണ്ടാംപാതിയില്‍ പ്രതിരോധ താരം നിക്കോളാസ് ഒട്ടമെന്‍ഡി നേടിയ ഹെഡ്ഡര്‍ ഗോളാണ് അര്‍ജന്റീനയ്ക്ക് ജയമൊരുക്കിയത്.

ഇതൊരു വിടപറച്ചിലായി എടുക്കരുതെന്നും സ്‌കലോണി വ്യക്തമാക്കി. ”പക്ഷേ എനിക്ക് ചിന്തിക്കേണ്ടതുണ്ട്. കാരണം, കളി നിലവാരം എപ്പോഴും ഉയര്‍ന്നു തന്ന നില്‍ക്കണം. എനിക്ക് കുറച്ചധികം ചിന്തിക്കേണ്ടതുണ്ട്. ഇത് വിട പറയലോ മറ്റെന്തെങ്കിലുമോ അല്ല.” സ്‌കലോണി വ്യക്തമാക്കി.ലോകകപ്പ് യോഗ്യതയില്‍ നിലവില്‍ ഒന്നമതാണ് അര്‍ജന്റീന. ആറ് മത്സരങ്ങളില്‍ അഞ്ചിലും ടീം ജയിച്ചു. 15 പോയിന്റാണ് ടീമിന്. ഉറുഗ്വെയോട് മാത്രമാണ് ടീം പരാജയപ്പെട്ടത്. ആറ് മത്സരങ്ങളില്‍ 13 പോയിന്റുള്ള ഉറുഗ്വെ രണ്ടാമത്. ബ്രസീല്‍ ആറാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. ആറ് മത്സരങ്ങളില്‍ ഏഴ് പോയിന്റ് മാത്രമാണ് ബ്രസീലിനുള്ളത്.

36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയ്ക്ക് ലോക കിരീടം സമ്മാനിച്ച കോച്ചാണ് സ്‌കലോണി. ഖത്തര്‍ ലിയോണല്‍ മെസിയും കിരീടമുയര്‍ത്തുമ്പോള്‍ സ്‌കലോണിയായിരുന്നു. അദ്ദേഹത്തിന് കീഴിലാണ് കോപ അമേരിക്കയും ഫൈനലിസിമയും നേടിയത്. ഇപ്പോള്‍ തന്റെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് സ്‌കലോണി. ”ഭാവിയില്‍ ഞാന്‍ എന്തുചെയ്യാന്‍ പോകുന്നു എന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പരിശീലകനെന്ന നിലയില്‍ താരങ്ങള്‍ നിറഞ്ഞ പിന്തുണ തന്നു. അര്‍ജന്റീനക്ക് മുഴുവന്‍ ഊര്‍ജ്ജവുമുള്ള ഒരു പരിശീലകനെ ആവശ്യമാണ്. ഞാന്‍ എഫ് എ പ്രസിഡന്റുമായും കളിക്കാരുമായും പിന്നീട് സംസാരിക്കും.” സ്‌കലോണി പറഞ്ഞു.

 

Top