ലിയോണല്‍ മെസിയെക്കാള്‍ മികച്ചൊരു നായകനെ ഞാന്‍ കണ്ടിട്ടില്ലെന്ന് ലിയോണല്‍ സ്‌കലോണി

ബ്യൂണസ് ഐറിസ്: ലിയോണല്‍ മെസിയെക്കാള്‍ മികച്ചൊരു നായകനെ താന്‍ കണ്ടിട്ടില്ലെന്ന് അര്‍ജന്റൈന്‍ കോച്ച് ലിയോണല്‍ സ്‌കലോണി. മെസിയുടെ നേതൃമികവാണ് അര്‍ജന്റീനയെ ലോക ചാംപ്യന്മാരാക്കിയതെന്നും സ്‌കലോണി പറഞ്ഞു. അര്‍ജന്റീനയുടെ മുപ്പത്തിയാറ് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചായിരുന്നു ലിയോണല്‍ മെസിയുടെയും സംഘത്തിന്റെയും ലോകകപ്പ് കിരീടധാരണം. ഈനേട്ടത്തിന് അണിയറയില്‍ തന്ത്രങ്ങളുമായി നിറഞ്ഞുനിന്നത് കോച്ച് സ്‌കലോണിയായിരുന്നു.

അര്‍ജന്റീനയുടെ നായകനെക്കുറിച്ച് ഇപ്പോഴും സ്‌കലോണിക്ക് നൂറ് നാവാണ്. മെസിയെപ്പോലൊരു നായകനെ ഫുട്‌ബോളില്‍ താന്‍ കണ്ടിട്ടില്ലെന്നാണ് സ്‌കലോണി പറയുന്നത്. ”മെസിയുടെ കളിമികവ് എല്ലാവര്‍ക്കുമറിയാം. പക്ഷേ, മെസി സഹതാരങ്ങളോട് പെരുമാറുന്നത് എല്ലാവരും കണ്ടുപഠിക്കേണ്ടതാണ്. സഹതാരങ്ങളോട് സംസാരിക്കുമ്പോള്‍ കൃത്യമായ വാക്കുകളാണ് മെസി ഉപയോഗിക്കുക. ഓരോ കാര്യങ്ങളും അതിമനോഹരമായാണ് സഹതാരങ്ങളിലേക്ക് കൈമാറുന്നത്. ഈ രീതി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വലിപ്പച്ചെറുപ്പമില്ലാതെയാണ് മെസി പെരുമാറുക. ടീമിലെ എല്ലാവര്‍ക്കും മെസിയോടുള്ള ആദരം കൂടാന്‍ ഇത് കാരണമാവുന്നുണ്ട്.” സ്‌കലോണി പറയുന്നു.

അര്‍ജന്റീനയിലെ സഹതാരങ്ങള്‍ക്കും നേതൃമികവിനെക്കുറിച്ച് മറ്റൊരഭിപ്രായമില്ല. അടുത്ത ലോകകപ്പിലും മെസി കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇക്കാര്യത്തില്‍ മെസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സ്‌കലോണി പറഞ്ഞു. കോപ്പ അമേരിക്കയ്ക്കിടെ സഹതാരങ്ങളെ പ്രചോദിപ്പിക്കുന്ന മെസ്സിയുടെ വാക്കുകള്‍ ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു.

ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും മൂന്ന് ഗോള്‍ വീതം നേടിയിരുന്നു. മെസി ഇരട്ട ഗോളുമായി തിളങ്ങി. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. ലോകകപ്പിന്റെ താരവും മെസിയായിരുന്നു. ലോകകപ്പില്‍ ഒന്നാകെ ഏഴ് ഗോളുകളാണ് മെസി നേടിയത്. ഗോള്‍വേട്ടക്കാരില്‍ കിലിയന്‍ എംബാപ്പെയ്ക്ക് (8) പിന്നില്‍ രണ്ടാമനായിരുന്നു മെസി. മൂന്ന് അസിസ്റ്റും മെസിയുടെ പേരിലുണ്ടായിരുന്നു.

Top