കൊല്ലത്ത് എക്‌സൈസ് റെയ്ഡില്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു

കൊല്ലം: കല്ലുംതാഴം കേന്ദ്രീകരിച്ച് ഹൈടെക് വാറ്റ് കേന്ദ്രത്തിൽ നിന്ന് 35 ലിറ്റര്‍ ചാരായവും 750 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു നശിപ്പിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നത് മുതലെത്താണ് ഹൈടെക് രീതിയില്‍ ചാരായ വാറ്റ് കേന്ദ്രം ആരംഭിച്ചത്.

മദ്യപന്മാരെ ലക്ഷ്യമിട്ട് വന്‍ വിലക്ക് മദ്യവില്‍പന നടത്തുന്നതിനായി ആള്‍ താമസമില്ലാതെ കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ആധുനിക രീതിയില്‍ വാറ്റ്സെറ്റ് നിര്‍മിച്ച് വ്യവസായിക അടിസ്ഥാനത്തില്‍ ചാരായം വാറ്റി കൊണ്ടിരുന്ന സംഘത്തെയാണ് കൊല്ലം എക്‌സൈസ് സംഘം പിടികൂടിയത്.

ചാരായ വില്‍പന നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായത്. സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദും പാര്‍ട്ടിയും ചേര്‍ന്ന് പരിശോധന നടത്തിയത്.

പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിടികൂടുകയായിരുന്നു. 100 ലിറ്ററിന്റെ ഇരുമ്പ് ഡ്രമ്മില്‍ 50 ലിറ്റര്‍ കോടയും 35ലിറ്റര്‍ ചാരായവും സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു.ഒരു ലിറ്റര്‍ ചാരായം 3000 രൂപ നിരക്കിലാണ് വില്‍പന നടത്തി വന്നിരുന്നതെന്ന് വിവരം ലഭിച്ചിരുന്നു.

ചാരായം വാങ്ങാന്‍ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. കോട വേഗം പാകം ആകാന്‍ വേണ്ടി കോടയില്‍ അമോണിയ ചേര്‍ക്കുന്നതും കണ്ടുപിടിച്ചു. മദ്യശാലകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ വ്യാജ മദ്യ ഉല്‍പാദനം വര്‍ധിക്കുവാന്‍ സാധ്യതയുണ്ടെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പട്രോളിംഗ് ശക്തമാക്കി.

 

Top