കോട്ടയം: ബാര്‍ കോഴയിടപാട് സംബന്ധിച്ച് കേരള കോണ്‍ഗ്രസ് നേതാവ് ജോസഫ് എം.പുതുശേരിക്ക് അറിയാമായിരുന്നുവെന്ന് പറയപ്പെടുന്ന ശബ്ദരേഖ ബിജു രമേശ് പുറത്തുവിട്ടു.
കെ.എം.മാണിയെ കുറ്റവിമുകതനാക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയിലെത്തി മണിക്കൂറുകള്‍ക്കകമാണ് ശബ്ദരേഖ പുറത്തായത്.
തിരുവല്ലയിലെ ബാറുടമ മാത്യുവും ജോസഫ് എം.പുതുശേരിയുമായി നടന്ന സ്വകാര്യ സംഭാഷണമാണ് ആറു മിനിട്ട് ദൈര്‍ഘ്യമുളള ശബ്ദരേഖയിലുളളത്.
മാണിക്കെതിരെ ദ്രുതപരിശോധന നടക്കുന്ന സമയത്ത്, ജോസഫ് എം.പുതുശേരിയുടെ വസതിയിലെത്തിയ മാത്യു അതീവരഹസ്യമായി സംഭാഷണം പകര്‍ത്തുകയായിരുന്നു. പിന്നീടിത് ബിജു രമേശിന് കൈമാറി.
സാമ്പത്തിക രാഷ്ട്രീയമെന്ന വശമുണ്ടെന്ന് സമ്മതിച്ച ജോസഫ് എം.പുതുശേരി, കോഴയിടപാട് നിഷേധിച്ചില്ലെന്നാണ് ആരോപണം. ബാര്‍ വിഷയത്തില്‍ കെ.എം.മാണിയും മന്ത്രി കെ.ബാബുവും സ്വരചേര്‍ച്ചയിലായിരുന്നില്ലെന്നും ശബ്ദരേഖയിലുണ്ട്.
തുറന്നിരുന്ന ബാറുകള്‍ക്ക് വേണ്ടി ഇടപെടലുകളുണ്ടായെന്ന് ബാറുടമ മാത്യു പരാതിപ്പെടുന്നുണ്ട്. ശബ്ദരേഖ കോഴയിടപാട് നടന്നുവെന്ന് സമ്മതിക്കുന്നതിന്റെ വ്യക്തമായ തെളിവാണെന്നാണ് ബിജു രമേശിന്റെ അവകാശവാദം. എന്നാല്‍ ബിജു രമേശിന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ജോസഫ്.എം.പുതുശേരി പ്രതികരിച്ചു.