Liquor Policy; conflict in UDF, sudheeran approached high command

മദ്യനയത്തെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ കലാപം. പാര്‍ട്ടി നിലപാടിന് എതിരായി പരസ്യ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയാണ് കോണ്‍ഗ്രസ്സിലെ സുധീര വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്.

ചെന്നിത്തലയുടെ പ്രസ്താവനയിലുള്ള അതൃപ്തി കെപിസിസി പ്രസിഡന്റ് തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് സൂചന.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന രമേശ് ചെന്നിത്തലയുടെ അഭിപ്രായമാണ് വിവാദത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുന്നത്. കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചെന്നിത്തലയുടെ അഭിപ്രായപ്രകടനം.

ടൂറിസം മേഖലയില്‍ തിരിച്ചടി ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി മദ്യനയം തിരുത്താന്‍ ഇടത് സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് മദ്യനയത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ഭിന്നതയും മറനീക്കി പുറത്ത് വന്നിരിക്കുന്നത്.

‘മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മദ്യനയം തിരുത്തുന്നതിനെപ്പറ്റി പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണ്. അക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കാമെന്നും’ രമേശ് ചെന്നിത്തല അഭിമുഖത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടിക്ക് അകത്ത് പറയേണ്ട അഭിപ്രായം പുറത്ത് പറഞ്ഞതാണ് സുധീരനെ ചൊടിപ്പിച്ചിരിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം സമൂഹത്തില്‍ ഫലമുണ്ടാക്കിയെന്നും മദ്യനയത്തില്‍ പുനരാലോചനയ്ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ല. ചെന്നിത്തലയുമായി വിശദമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ വ്യക്തമാക്കി.

അതേസമയം നിലവിലെ മദ്യനയം തിരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെപിസിസി പ്രസിഡന്റ് ശക്തമായ നിലപാടെടുക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയത്
ഭരണപക്ഷത്തിന് നല്ല ആയുധമായിരിക്കുകയാണ്.

യുഡിഎഫ് മദ്യനയം പരാജയമായിരുന്നു എന്നതിന്റെ തെളിവാണ് ചെന്നിത്തലയുടെ അഭിപ്രായ പ്രകടനമെന്നാണ് ഇക്കാര്യത്തില്‍ ഇടത് നേതൃത്വത്തിന്റെ പ്രതികരണം.

ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബാര്‍ കലഹവും മദ്യനയവും സജീവ ചര്‍ച്ചയായ കാലത്തും പൂട്ടിയ 418 ബാറുകളില്‍ ഗുണനിലവാരമുളളവ തുറക്കണമെന്നായിരുന്നു നേരത്തെയും ചെന്നിത്തലയുടെ നിലപാട്. എന്നാല്‍ ലീഗടക്കമുള്ള ഘടക കക്ഷികളുടെ എതിര്‍പ്പ് ഭയന്ന് പരസ്യമായ അഭിപ്രായ പ്രകടനത്തിന് അദ്ദേഹം മുതിര്‍ന്നിരുന്നില്ല.

ഹൈക്കമാന്റ് സുധീരന്റെ നിലപാടിന് പിന്‍തുണ നല്‍കിയതും ചെന്നിത്തലയുടെ ‘മൗന’ത്തിന് കാരണമായിരുന്നു.

മദ്യനയം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് മുതിര്‍ന്ന് നേതാവ് കെ സുധാകരനും മുമ്പ് കുറ്റപ്പെടുത്തിയിരുന്നു.

ചെന്നിത്തലയുടെ അഭിപ്രായത്തെ തള്ളി കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ തന്നെ പരസ്യമായി രംഗത്തിറങ്ങിയത് വരും നാളുകളില്‍ രൂക്ഷമായ ഭിന്നതക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

ജനങ്ങളുടെ മനസ് വായിച്ചുളള നയമാണ് യുഡിഎഫ് സര്‍ക്കാര്‍ എടുത്തിരുന്നതെന്നും അതിനൊപ്പമാണ് പ്രതിപക്ഷ നേതാവ് നില്‍ക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയ പ്രതാപന്‍ ഇടതുമുന്നണിയുടെ നയമല്ല പ്രതിപക്ഷ നേതാവ് പറയേണ്ടതെന്നാണ് തുറന്നടിച്ചത്.

ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലീംലീഗും രംഗത്തെത്തിയിട്ടുണ്ട്. മദ്യനയം ശരിയാണെന്ന നിലപാടാണ് ലീഗിനുള്ളതെന്ന് മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.

മാണിയുടെ പുറത്ത് പോക്കോടെ ഉലഞ്ഞിരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ കസേര തെറിക്കുന്ന അവസ്ഥയിലേക്കാണ് യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പോക്ക്.

Top