ആപ്പ് വഴിയുള്ള മദ്യ വില്‍പ്പന നാളെ മുതല്‍; ടോക്കണ്‍ ഇല്ലാത്തവര്‍ എത്തരുതെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ആപ്പ് വഴിയുള്ള മദ്യ വില്‍പ്പന നാളെ മുതല്‍ തുടങ്ങുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മദ്യം വാങ്ങുന്നതിന് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള ആപ്ലിക്കേഷന്‍ ‘ബെവ് ക്യൂ’ വൈകുന്നേരം മുതല്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ ആപ്പിലൂടെ ടോക്കന്‍ എടുക്കാം. ടോക്കണ്‍ ഇല്ലാത്തവര്‍ മദ്യം വാങ്ങാന്‍ എത്തരുതെന്നും മന്ത്രി പറഞ്ഞു.ഒരു തവണ ബുക്ക് ചെയ്തു കഴിഞ്ഞാല്‍ നാല് ദിവസം കഴിഞ്ഞേ ബുക്ക് ചെയ്യാന്‍ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

മദ്യ വിതരണം രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മാത്രമായിരിക്കും.ക്യൂവില്‍ ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രമേ നില്‍ക്കാന്‍ സാധിക്കു.ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും അനുസരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഔട്ട്ലെറ്റുകള്‍ക്ക് മുമ്പില്‍ കൈകഴുകുന്നതിന് അടക്കമുള്ള ക്രമീകരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വെര്‍ച്വല്‍ ക്യൂ ആപ്പിനായി 29 കമ്പനികളില്‍ നിന്ന് 5 കമ്പനികളെയാണ് തെരഞ്ഞെടുത്തത്. അതില്‍നിന്ന് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഫെയര്‍കോഡ് കമ്പനിക്കാണ് നിര്‍മാണത്തിനുള്ള അനുമതി നല്‍കിയത്. 301 ബിവറേജസ് ഔട്ട്ലറ്റുകളാണ് കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 306 ഔട്ട്ലറ്റുകളാണ് ഉണ്ടായിരുന്നത്. ഇതുവഴിയാണ് നാളെ മുതല്‍ മദ്യം ലഭ്യമാകുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകള്‍ക്കാണ് മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ബാര്‍ ഹോട്ടലുകളില്‍ ഇരുന്ന് മദ്യം കഴിക്കാനുള്ള അനുമതിയില്ല. പ്രത്യേക കൗണ്ടര്‍ തയ്യാറാക്കി പാഴ്സലായി വില്‍പ്പന നടത്താമെന്നും മന്ത്രി പറഞ്ഞു. 291 ബിയര്‍ ആന്‍ഡ് വൈന്‍ വില്‍പ്പന ശാലകളിലും ഇത്തരത്തില്‍ വില്‍പ്പന നടത്താവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ഉപഭോക്താവില്‍ നിന്ന് 50 പൈസ വീതം ബന്ധപ്പെട്ട ഏജന്‍സി ബിവറേജസ് കോര്‍പ്പറേഷനില്‍ അടയ്ക്കണം. ഈ പണം കമ്പനിക്കല്ല നല്‍കുന്നത്. ആ രീതിയില്‍ വ്യാജ പ്രചരണങ്ങള്‍ പല മാധ്യമങ്ങളിലും പ്രചരിച്ചുവെന്നും ഇത് തെറ്റായ വിവരമാണെന്നും മന്ത്രി പറഞ്ഞു. എസ്എംഎസ് വഴി അയക്കാനുള്ള 15 പൈസ ഫെയര്‍കോഡ് കമ്പനിയാണ് നല്‍കേണ്ടത്. അതിന്റെ ബില്ല് ബിവറേജസ് കോര്‍പ്പറേഷന് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

Top