തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണം വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബാറുകള്‍ ബെവ്‌കോയുമായി ഉണ്ടാക്കേണ്ട കരാര്‍ വൈകുന്നതിനാലാണ് മദ്യവില്‍പ്പന പുനരാരംഭിക്കുന്നത് വൈകുന്നത്. അതേസമയം, ശനിയാഴ്ചയോടെ മദ്യവില്‍പ്പന ആരംഭിക്കാനാകുമെന്നും സൂചനയുണ്ട്.
മദ്യവിതരണത്തിനായി തയ്യാറാക്കിയ ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഇപ്പോള്‍ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങ്ങും നടത്തിവരികയാണ്. ബെവ്‌കോയുടെ അന്തിമ അനുമതി ലഭിച്ചാല്‍ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാകും. ആപ്പ് തയ്യാറായാലും ബാറുകളുമായി ബെവ്‌കോ കരാര്‍ ഒപ്പിടാത്തതിനാല്‍ ബാറുകള്‍ മുഖേനയുള്ള മദ്യവില്‍പ്പന വൈകുമെന്നാണ് റിപ്പോര്‍ട്ട്.
50 രൂപ മുദ്രപ്പത്രത്തിലാണ് കരാറുണ്ടാക്കേണ്ടത്. ഇതിനുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയത് ചൊവ്വാഴ്ചയാണ്. ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിവരെയാണ് ഇതിനുള്ള സമയം അനുവദിച്ചിരിക്കുന്നത്. ഇത് നീട്ടാനും സാധ്യതയുണ്ടെന്നാണ് വിവരം.
ബാറുകള്‍ ബെവ്‌കോയുമായി കരാര്‍ ഉണ്ടാക്കേണ്ടതുണ്ട്. ഇതില്‍ ഒമ്പത് വ്യവസ്ഥകളാണുള്ളത്. ഓരോ ഇ-ടോക്കണും 50 പൈസ വീതം ബെവ്‌കോയ്ക്ക് നല്‍കണം എന്നും വ്യവസ്ഥയുണ്ട്. ഇത് ആപ്പ് തയ്യാറാക്കിയ കമ്പനിയ്ക്കുള്ളതാണെന്നാണ് ബെവ്‌കോ പറയുന്നത്. ഇത് തുടക്കത്തില്‍ കമ്പനിക്ക് ബെവ്‌കോ നല്‍കും. പിന്നീട് ബാറുടമകളില്‍ നിന്ന് ഈടാക്കും. തിരക്ക് ഒഴിവാക്കുന്നതിനാണ് ബെവ്‌കോയ്‌ക്കൊപ്പം ബാറുകള്‍ വഴിയും മദ്യം പാഴ്‌സലായി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ബാറുകളുമായി കരാറില്‍ ഒപ്പിട്ടതിനു ശേഷം മാത്രമേ മദ്യവില്‍പ്പന ആരംഭിക്കൂ.