വിഴിഞ്ഞം പ്രദേശത്തെ മദ്യശാലകൾ അടച്ചിടാൻ കളക്ടറുടെ ഉത്തരവ്

തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് ദിവസത്തേക്ക് മദ്യശാലകകളുടെ പ്രവര്‍ത്തനം നിരോധിച്ചു. പ്രദേശത്തെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ആഗസ്റ്റ് 21, 22 തീയതികളില്‍ മദ്യശാലകള്‍ അടച്ചിടാന്‍ തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത്.

അതേസമയം ഇന്നലെ സർക്കാരുമായി ചർച്ച നടത്തിയിട്ടും വിഴിഞ്ഞം തുറമുഖ സമരം ശക്തിപ്പെടുത്തിയിരിക്കുകയാണ് ലത്തീൻ അതിരൂപതയും മത്സ്യത്തൊഴിലാളികളും. തുടർച്ചയായ രണ്ടാം ദിവസവും വിഴിഞ്ഞം തുറമുഖത്തിന്റെ പൂട്ട് തകർത്ത് സമരക്കാർ അകത്ത് കടന്നു. നൂറു കണക്കിന് പ്രതിഷേധക്കാരാണ് ഇന്നും സമരവേദിയിൽ എത്തിയത്.

സർക്കാരുമായി നടത്തിയ ചർച്ച ഫലപ്രദവും തൃപ്തികരവുമെന്ന് ഇന്നലെ സമരനേതാക്കൾ പറഞ്ഞെങ്കിലും വിഴി‌‌ഞ്ഞത്ത് ഇന്നും പ്രതിഷേധത്തിന് കുറവുണ്ടായില്ല. വിഴിഞ്ഞം ഇടവകയ്ക്ക് കീഴിലെ ആളുകളാണ് ഇന്ന് സമരവേദിയിലേക്ക് എത്തിയത്. പൊലീസ് ബാരിക്കേഡ് മറിച്ചിട്ട് മുന്നേറാൻ ശ്രമിച്ച പ്രതിഷേധക്കാർ പിന്നീട് സർവീസ് റോഡിലൂടെ കോൺക്രീറ്റ് തടസ്സങ്ങളും മറികടന്ന് തുറമുഖ കവാടത്തിലെത്തി. ഇരുമ്പ് ഗേറ്റിന്റെ ചങ്ങലപ്പൂട്ട് തല്ലി തകർത്ത് അകത്ത് കടന്ന പ്രതിഷേധക്കാർപദ്ധതി പ്രദേശത്ത് കൊടിനാട്ടി.

Top