ഛണ്ഡിഗഡ്: ദേശീയ പാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് മറികടക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ എക്‌സൈസ് നിയമനം ഭേദഗതി ചെയ്യുന്നു. സുപ്രീം കോടതി ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, പബ്ബുകള്‍ എന്നിവയെ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇതിനായി പഞ്ചാബ് എക്‌സൈസ് നിയമം, 1914-ലെ 26എ എന്ന സെക്ഷന്‍ ഭേദഗതി ചെയ്യും. മന്ത്രിസഭ അംഗീകരിച്ച ഭേദഗതി നിയമസഭയില്‍ പാസായാല്‍ സുപ്രീം കോടതി ഉത്തരവ് മറികടന്ന് ദേശീയ പാതയോരത്ത് മദ്യവില്‍പ്പനയ്ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാരിനു കഴിയും. ബജറ്റ് സെഷനില്‍ ഭേദഗതി പാസാക്കാനാണ് അമരീന്ദര്‍ സിംഗ് സര്‍ക്കാരിന്റെ ശ്രമം. മദ്യശാലകള്‍ ദേശീയ പാതയുടെ 500 മീറ്റര്‍ പരിധിയില്‍ വരാന്‍ പാടില്ലെന്ന ഉത്തരവ് സര്‍ക്കാര്‍ നിലനിര്‍ത്തിയിട്ടുണ്ട്.
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഹോട്ടലുകളിലെയും മാളുകളിലേയും ബാറുകള്‍ക്കും നിയമം ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. 20,000-ല്‍ താഴെ ജനസംഖ്യയുള്ള തദ്ദേശസ്വയംഭരണ പ്രദേശങ്ങളില്‍ ദൂരപരിധി 220 മീറ്ററായി കുറച്ചിട്ടുണ്ട്.