തിരുവനന്തപുരം: വിൽപന വർധിപ്പിക്കാൻ ബിവറേജസ് മദ്യവിൽപന കേന്ദ്രങ്ങളുടെ പ്രവർത്തന പരിധി ജില്ലാതലത്തിലേക്കു മാറ്റണമെന്ന നിർദേശവുമായി ബിവറേജസ് കോർപറേഷൻ. എക്സൈസ് ചട്ടമനുസരിച്ചു താലൂക്കിലാണ് എഫ്എൽ–1 ലൈസൻസിന്റെ പ്രവർത്തന പരിധി. ഇതുൾപ്പെടെ ബവ്കോയുമായി ബന്ധപ്പെട്ട എക്സൈസ് ചട്ടങ്ങളിൽ മാറ്റങ്ങൾ നിർദേശിച്ചുള്ള റിപ്പോർട്ട് ബവ്കോ തയാറാക്കി. നേരത്തേ ജനസംഖ്യാനുപാതത്തിൽ കൂടുതൽ മദ്യശാലകൾ നഗരങ്ങളിൽ തുടങ്ങാൻ ബവ്കോ ശുപാർശ നൽകിയിരുന്നു.
എണ്ണം കൂട്ടുകയല്ല, സൗകര്യം വർധിപ്പിക്കുകയാണു വേണ്ടതെന്നു ഹൈക്കോടതി നിലപാട് എടുത്തതോടെയാണ് ഈ നീക്കം ഉപേക്ഷിച്ചത്. പകരം ചട്ടങ്ങളിൽ ഇളവു വരുത്തി കച്ചവട സാധ്യതയുള്ള പ്രദേശത്തു മദ്യശാലകൾ പുനർവിന്യസിക്കാനാണ് ആലോചന. വിദേശ മദ്യശാലകൾ സ്വകാര്യവ്യക്തികൾ നടത്തിയിരുന്ന കാലത്തെ ചട്ടമനുസരിച്ചാണു ലൈസൻസ് താലൂക്ക് പരിധിയിലാക്കിയത്. കെട്ടിടം മാറ്റേണ്ടിവന്നാലും താലൂക്ക് മാറ്റാനാകില്ല. ലോക്ഡൗണിനു ശേഷം 38 മദ്യശാലകൾ വിവിധ കാരണങ്ങളാൽ ബവ്കോ അടച്ചിട്ടിരിക്കുകയാണ്.
കച്ചവട സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇവ മാറ്റണമെങ്കിൽ പ്രവർത്തന പരിധി വിപുലീകരിക്കണം. ബവ്കോയിൽ ജോലി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥർക്കുള്ള ശമ്പളം ഒരു ദിവസം വൈകിയാൽ പിഴയടയ്ക്കണമെന്ന ചട്ടം മറികടക്കാനും നിർദേശം വച്ചിട്ടുണ്ട്. ശമ്പളം ഓരോ മാസവും മുൻകൂറായി ബവ്കോയാണു സർക്കാരിലേക്കു നൽകേണ്ടത്. ജീവനക്കാരുടെ ജോലിഭാരം മൂലം പിഴയടയ്ക്കേണ്ടി വരുന്നത് ഒഴിവാക്കാൻ ഒരു വർഷത്തേക്കുള്ള ശമ്പളം ഒരുമിച്ചു മുൻകൂറായി നൽകാം.
വെയർഹൗസുകളിൽ എത്തിക്കുന്ന മദ്യക്കുപ്പികൾ ഓരോന്നായി പുറത്തെടുത്തു ജീവനക്കാർ സുരക്ഷാ ലേബൽ പതിപ്പിക്കുന്ന രീതി മാറ്റണം. പകരം ക്യുആർ കോഡുള്ള സുരക്ഷാ ലേബലുകൾ പ്രിന്റ് ചെയ്തു മദ്യക്കമ്പനികൾക്കു കൈമാറി ‘ലേബലിങ്’ അവരെ ഏൽപിക്കണം. കെയ്സിനു പുറത്തും, മദ്യമെത്തിക്കുന്ന ട്രക്കിനു പുറത്തും ക്യുആർ കോഡ് പതിപ്പിച്ചാൽ വിവരശേഖരണം എളുപ്പമാകും. ലേബലിങ് ജീവനക്കാരെ മദ്യശാലകളിൽ ഉപയോഗിക്കാം.
ഓരോ തവണയും വെയർഹൗസിൽ നിന്നു മദ്യശാലകളിലേക്കു മദ്യം കൊണ്ടുപോകുമ്പോൾ എക്സൈസ് പെർമിറ്റ് എടുക്കേണ്ടി വരുന്നു. ശരാശരി രണ്ടരക്കോടി കെയ്സാണ് ഒരു വർഷം മാറ്റുന്നത്. ഒരു വർഷത്തേക്കുള്ള തുക മുൻകൂറായി അടയ്ക്കാമെന്നാണു നിർദേശം. എക്സൈസ് വകുപ്പുമായും മന്ത്രിയുമായും ചർച്ച നടത്തിയശേഷമാകും നിർദേശങ്ങളിൽ തുടർനടപടി.