കോഴിക്കോട്, എറണാകുളം; കേരളത്തിലേയ്ക്കുള്ള ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ മാത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച സര്‍വീസ് ആരംഭിക്കുന്ന ട്രെയിനിന് രണ്ട് സ്റ്റോപ്പുകള്‍ മാത്രം. കോഴിക്കോടും എറണാകുളം ജംഗ്ഷനിലും മാത്രമെ സ്റ്റോപ്പ് ഉണ്ടായിരിക്കുകയുള്ളുവെന്ന് റെയില്‍വേ അറിയിച്ചു.

ആദ്യം തിരുവനന്തപുരം ഉള്‍പ്പെടെ ഒമ്പത് സ്റ്റോപ്പുകളുണ്ടെന്നാണ് റെയില്‍വേ അറിയിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ രണ്ട് സ്റ്റോപ്പാക്കി കുറച്ചത്. കൊങ്കണ്‍ പാത വഴിയാണ് കേരളത്തിലേക്കുള്ള സര്‍വീസ്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതലാണ് പുനരാരംഭിക്കുന്നത്. കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ച ഡല്‍ഹിയില്‍നിന്ന് പുറപ്പെടും. എല്ലാ സ്‌പെഷല്‍ ട്രെയിനുകളും ന്യൂഡല്‍ഹി സ്റ്റേഷനില്‍ നിന്നാകും പുറപ്പെടുക. ന്യൂഡല്‍ഹി-തിരുവനന്തപുരം സ്‌പെഷല്‍ ട്രെയിന്‍ ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളിലും തിരുവനന്തപുരം-ന്യൂഡല്‍ഹി ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളിലും സര്‍വീസ് നടത്താനാണ് ആലോചന. നേരത്തെ ഹസ്രത്ത് നിസാമുദീനില്‍നിന്ന് ആരംഭിച്ചിരുന്ന രാജധാനി സര്‍വീസുകള്‍ ഇത്തവണ ന്യൂഡല്‍ഹിയില്‍ നിന്നായിരിക്കും പുറപ്പെടുക.

തത്കാല്‍, പ്രീമിയം തത്കാല്‍, കറന്റ് റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി മാത്രമാണു ബുക്കിങ്. ഏജന്റുമാര്‍ വഴിയും കൗണ്ടറുകളും വഴിയും വില്‍പനയുണ്ടാകില്ല. സ്റ്റേഷനുകളിലെ പരിശോധനയില്‍ കോവിഡ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. കണ്‍ഫേം ടിക്കറ്റില്ലാത്തവരെ സ്റ്റേഷനില്‍ പ്രവേശിപ്പിക്കില്ല. മാസ്‌കും നിര്‍ബന്ധമാണ്. യാത്രയ്ക്ക് മുന്‍പായി ശരീരോഷ്മാവ് പരിശോധിക്കും.

Top