തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് ചെന്തിലക്കരയിലെ തോണിക്കാരന്റെ വെളിപ്പെടുത്തല്‍. ചെന്തിലക്കരയില്‍ വിദേശികള്‍ വരാറുണ്ടെന്ന് സ്ഥലത്തെ തോണിക്കാരന്‍ നാഗേന്ദ്രനാണ് വെളിപ്പെടുത്തിയത്.
മൃതദേഹം കാണപ്പെട്ട ചെന്തലക്കരി ഭാഗത്ത് വിദേശികള്‍ എത്താറില്ലെന്നായിരുന്നു ആദ്യ നിഗമനം.കോവളത്ത് നിന്ന് തോണിയില്‍ ഒരു ഏജന്റ് മുഖേനെയാണ് ചെന്തലക്കരി ഭാഗത്ത് വിദേശികള്‍ എത്താറുള്ളതെന്നും നാഗേന്ദ്രന്‍ പറഞ്ഞു.
ലിഗയുടെ മരണം കൊലപാതകമാണോ, സ്വാഭാവിക മരണമാണോയെന്ന കാര്യത്തില്‍ ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. അതിനിടെ ആത്മഹത്യാ സാധ്യത തള്ളി ലിഗയെ പരിശീലിപ്പിച്ച റിസോര്‍ട്ടിലെ യോഗ പരിശീലക ഷിബുവും രംഗത്തെത്തി.
ലിഗ സ്ഥിരമായി ക്ലാസുകള്‍ക്ക് എത്താറുണ്ടെന്നും അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്നും ഷിബു പറഞ്ഞു. പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോര്‍ട്ടിലെ യോഗ പരിശീലകയാണ് ഷിബു. കാണാതായ ദിവസം യോഗക്ലാസില്‍ പങ്കെടുത്തിരുന്നില്ല. സഹോദരിയോട് ചോദിച്ചപ്പോള്‍ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ഷിബു പറഞ്ഞു.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നോ നാളയോ ലഭിക്കും. മരണകാരണത്തില്‍ അതോടെ വ്യക്തത വരികയും ചെയ്യു. മൃതദേഹത്തിന് പഴക്കമുള്ളത് കൊണ്ടാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നത്.