Litterateur Akbar Kakkattil no more

കോഴിക്കോട്: വാക്കുകള്‍ക്കിടയില്‍ നര്‍മ്മത്തിന്റെ പട്ടു കൊണ്ട് സങ്കടത്തെ പൊതിഞ്ഞ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. ഏറെനാളായി അര്‍ബുദബാധിതനായിരുന്നു. മൃതദേഹം രാവിലെ ഒമ്പതു മുതല്‍ 12 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് അഞ്ചിന് കക്കട്ടിലിലെ കണ്ടോത്ത് കുനി ജുമാ മസ്ജിദില്‍ കബറടക്കം.

കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് നാദാപുരത്തിനടുത്ത് കക്കട്ടിലില്‍ ജനിച്ച അക്ബര്‍ ഏറെക്കാലം അധ്യാപകനായിരുന്നു. നാട്ടുമൊഴിയുടെ വേറിട്ട ഭാഷയില്‍ കഥ പറഞ്ഞ അക്ബര്‍ ചെറുകഥകളിലൂടെയാണ് മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയത്. രണ്ട് നോവലുകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റാണ്.

അധ്യാപകനായിരുന്ന അക്ബര്‍ കക്കട്ടിലിന്റെ സ്‌കൂള്‍ അനുഭവങ്ങളും സ്‌കൂള്‍ കഥകളും ഏറെ പ്രശസ്തമാണ്. കാരൂര്‍ നീലകണ്ഠപിള്ളയ്ക്കു ശേഷം അധ്യാപകരുടെയും കുട്ടികളുടെയും ജീവിതം അക്ബറിന്റെ തൂലികയിലൂടെ മലയാളത്തില്‍ വീണ്ടും കടന്നുവന്നു.

ടെലിവിഷന്‍ സീരിയല്‍ രംഗത്തും പ്രവര്‍ത്തിച്ച അക്ബറിന് സര്‍ഗസമീക്ഷ എന്ന കൃതി ലബ്ധപ്രതിഷ്ഠ നേടിക്കൊടുത്തു. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ വേറിട്ട അഭിമുഖസമാഹാരമായിരുന്നു സര്‍ഗസമീക്ഷ.

1954 ജൂലായ് ഏഴിന് പി. അബ്ദുള്ളയുടെയും സി.കെ. കുഞ്ഞാമിനയുടെയും മകനായി കക്കട്ടിലിലായിരുന്നു ജനനം. തൃശൂര്‍ കേരള വര്‍മയില്‍നിന്ന് എം.എയും തലശ്ശേരി ട്രെയിനിങ് കോളേജില്‍ നിന്ന് ബി.എഡും പൂര്‍ത്തിയാക്കി വിരമിക്കുന്നതുവരെ കോഴിക്കോട് വട്ടോളി നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ സ്വീകാര്യനായിരുന്ന അക്ബറിന് സ്വതസിദ്ധമായ നര്‍മ്മസംഭാഷണത്താല്‍ കേരളത്തിലങ്ങോളമിങ്ങോളം നിരവധി സുഹൃത്തുക്കളെ നേടിക്കൊടുത്തു.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സംസ്‌കൃത പഠനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയംഗമായും കേരള സാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അങ്കണം സാഹിത്യ അവാര്‍ഡ്, രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സാഹിത്യത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഫെലോഷിപ്പ്, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ഗ്രാമദീപം അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ് എന്നിവ ലഭിച്ചു.

Top