ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍. പ്രീമിയര്‍ ലീഗ് കന്നിക്കാരായ ലൂട്ടണ്‍ ടൗണിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മുന്നിട്ട് നിന്നത് മാത്രമാണ് ലൂട്ടണ്‍ ടൗണിന് എടുത്ത് പറയാനുള്ളത്. രണ്ടാം പകുതിയില്‍ ക്ലോപ്പിന്റെ സംഘം തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി.

രണ്ട് മിനിറ്റിനുള്ളില്‍ കോഡി ഗാക്പോ റെഡ്‌സ് സംഘത്തെ മുന്നിലെത്തിച്ചു. ലൂയിസ് ഡയസ് നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ക്ക് പകരം 71-ാം മിനിറ്റില്‍ ഗോള്‍ നേടി. 90-ാം മിനിറ്റിലെ ഹാര്‍വെ ഇലിയറ്റിന്റെ ഗോള്‍ കൂടെ ആയതോടെ ലിവര്‍പൂള്‍ വിജയം ആധികാരികമാക്കി. പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. വിജയത്തോടെ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ നാല് പോയിന്റ് മുന്നിലെത്താനും ക്ലോപ്പിന്റെ സംഘത്തിന് കഴിഞ്ഞു.

12-ാം മിനിറ്റില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച് ചിഡോസി ഒഗ്‌ബെനെ ലൂട്ടണ്‍ ടൗണിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ രണ്ട് അവസരങ്ങളാണ് ലിവര്‍പൂള്‍ താരം ലൂയിസ് ഡയസ് നഷ്ടപ്പെടുത്തിയത്. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റ് മുതലാണ് മത്സരം മാറിയത്. വിര്‍ജില്‍ വാന്‍ ഡൈക്കിന്റെ ഹെഡര്‍ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു.

Top