കുവൈത്ത്: കുവൈത്തില്‍ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തുന്നതിനായി ആഭ്യന്തരമന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ തുടരുന്നു. ശനിയാഴ്ച ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ആറു പ്രവാസിക കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ 200ലേറെ വിദേശികള്‍ പിടിയിലായതായി അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയ ശേഷമാണു പരിശോധന ആരംഭിച്ചത്. വിസ കാലാവധി കഴിഞ്ഞവര്‍, തൊഴിലുകളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടവര്‍, മറ്റു താമസരേഖകള്‍ ഇല്ലാത്തവര്‍, സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടി പുറത്ത് ജോലിയെടുക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍, ചീട്ടുകളി സംഘങ്ങള്‍, അനധികൃത വഴിവാണിഭക്കാര്‍ എന്നിവരാണ് പിടിയിലായത്.
നിയമ വിരുദ്ധ താമസക്കാര്‍ക്ക് ഫൈന്‍ അടച്ച് താമസം ക്രമവല്‍ക്കരിക്കുകയോ കുവൈത്തില്‍ നിന്ന് പുറത്തുപോവുകയോ ചെയ്യാനുള്ള അവസരവുമായി നിരവധി തവണ പൊതുമാപ്പ് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അവയൊന്നും പ്രയോജനപ്പെടുത്താതെ കുവൈത്തില്‍ തന്നെ കഴിയുന്ന അനധികൃത താമസക്കാരെയാണ് പരിശോധനകളിലൂടെ പിടികൂടുന്നത്.
കൊവിഡ് പശ്ചാത്തലത്തില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടത് കാരണം പല തവണകളായി നീട്ടിവച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നടപടി. പൊതുമാപ്പ് അവസാനിച്ചിട്ടും രാജ്യത്ത് തങ്ങുന്ന നിയമ വിരുദ്ധ താമസക്കാര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോവാനാണ് അധികൃതരുടെ തീരുമാനം.