ഇന്ത്യക്കെതിരായ ലോകകപ്പ് സന്നാഹമത്സരത്തിനിടെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിന്‍സ്റ്റണേറ്റ പരുക്ക് സാരമുള്ളതല്ലെന്ന് സഹതാരം മൊയീന്‍ അലി. കൈക്ക് പിന്നില്‍ ചെറിയ പോറല്‍ മാത്രമേ ഉള്ളൂ എന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ലിവിങ്സ്റ്റണ് ഇല്ലെന്നും മൊയീന്‍ അലി പറഞ്ഞു.
ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പരുക്കേറ്റ ലിവിങ്സ്റ്റണിന് ഇംഗ്ലണ്ടിന്റെ ആദ്യ മത്സരം കളിക്കാനാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് മൊയീന്റെ വെളിപ്പെടുത്തല്‍. ‘അവനു കുഴപ്പമില്ലെന്ന് ഞാന്‍ കരുതുന്നു. കൈക്ക് പിന്നില്‍ ഒരു പോറലേയുള്ളെന്നാണ് എനിക്ക് തോന്നുന്നത്. ആ സമയത്ത് ചെറിയ ഭീതിയുണ്ടായിരുന്നു. പക്ഷേ, തനിക്ക് കുഴപ്പമില്ലെന്ന് അവന്‍ പറഞ്ഞു. ഭാഗ്യവശാല്‍ അവനു പ്രശ്‌നങ്ങളില്ലെന്ന് കരുതുന്നു.”- മൊയീന്‍ അലി പറഞ്ഞു.
ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ 16ആം ഓവറിലാണ് ലിവിങ്സ്റ്റണു പരുക്കേറ്റത്. ക്രിസ് ജോര്‍ഡന്‍ എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ഇഷാന്‍ കിഷന്‍ ഉയര്‍ത്തി അടിച്ചപ്പോള്‍ അത് ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ലിവിങ്സ്റ്റണു പരുക്കേല്‍ക്കുകയായിരുന്നു.