ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തില്‍ വിവാദം കത്തിപ്പടരുന്നതിനിടെ മുഖര്‍ജിയെ പ്രശംസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി രംഗത്ത്.
ഇന്ത്യന്‍ ദേശീയതയുടെ ശ്രേഷ്ഠമായ ആശയങ്ങളും ആദര്‍ശങ്ങളും വിവരിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം സമകാലിക ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യയശാസ്ത്രപരമായ വ്യത്യസ്തതകള്‍ക്കും സമാനതകള്‍ക്കും അതീതമായ ആശയസംവാദത്തിന്റെ പ്രശംസനീയമായ ഉദാഹരണമാണ് ഇതെന്നും അദ്വാനി ചൂണ്ടിക്കാട്ടി. തുറന്ന മനസ്ഥിതിയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലുള്ള ഇത്തരം ആശയവിനിമയങ്ങള്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇന്ത്യയുടെ പൊതുവായ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് സഹിഷ്ണുതയുടേതായ ഇത്തരം ആശയസംവാദങ്ങള്‍ ഇക്കാലത്ത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുപ്രവര്‍ത്തന രംഗത്തെ ദീര്‍ഘകാലത്തെ അനുഭവപരിചയത്തിലൂടെ രൂപപ്പെട്ട രാജ്യതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജി. വ്യത്യസ്ത ആശയവിഭാഗങ്ങളില്‍പ്പെട്ടവരുമായുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായതെന്നും അദ്വാനി പറഞ്ഞു.
ഗാന്ധിജിയും നെഹ്റുവും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ചുകൊണ്ട്, സഹവര്‍ത്തിത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ദേശീയതയുടെ സവിശേഷതകള്‍ പ്രണബ് മുഖര്‍ജി നാഗ്പുരില്‍ നടത്തിയ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു. ഒപ്പം, ആര്‍എസ്എസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച നേതാക്കളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. വൃത്യസ്ത ആശങ്ങളിലുള്ളവരാണ് എപ്പോഴും ഇത്തരം പൊതു പരിപാടിയില്‍ പങ്കെടുക്കേണ്ടതെന്നും അദ്വാനി സൂചിപ്പിച്ചു.
അതേസമയം ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ച പ്രണബിന്റെ പാര്‍ട്ടിയില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. സോണിയ ഗാന്ധിക്ക് വരെ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.