വൈദ്യുതി നിയന്ത്രണം വേണ്ടി വരും ; സംഭരണികളില്‍ ജലക്ഷാമമുണ്ടെന്ന് എംഎം മണി

mm mani

കൊച്ചി: സംഭരണികളില്‍ ജലക്ഷാമം രൂക്ഷമെന്ന് മന്ത്രി എംഎം മണി. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ കേരളത്തില്‍ രണ്ടോമൂന്നോ ദിവസത്തിനുള്ളില്‍ മഴപെയ്തില്ലെങ്കില്‍ ലോഡ്ഷെഡ്ഡിങ് വേണ്ടിവരുമെന്ന കാര്യത്തില്‍ ഉറപ്പായി.

വൈദ്യുതിനില ആശങ്കാജനകമായി തുടരുന്നതിനിടെ ഉചിത തീരുമാനങ്ങളെടുക്കാന്‍ വൈദ്യുതിബോര്‍ഡ് നാലാംതീയതി യോഗംചേരും. അണക്കെട്ടുകളില്‍ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാവകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍, ഓരോദിവസത്തെയും ശരാശരി വൈദ്യുതോപയോഗം എന്നിവ കണക്കാക്കി ലോഡ്ഷെഡ്ഡിങ്ങിന്റെ സാധ്യതകള്‍ വിലയിരുത്തുമെന്ന് വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള അറിയിച്ചിരുന്നു.

അതേസമയം സംസ്ഥാനത്ത് രൂക്ഷമായ ജല പ്രതിസന്ധിയെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ നിലവിലുള്ളൂ. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള വെള്ളം മാത്രമേ ഇപ്പോള്‍ അണക്കെട്ടുകളില്‍ ബാക്കിയുള്ളൂവെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇനിയും മഴ ലഭ്യതയില്‍ കുറവുണ്ടായാല്‍ സ്ഥിതി ഗുരുതരമാവുമെന്നും ജലനിയന്ത്രണം അടക്കമുള്ള നടപടികള്‍ ആവശ്യമായി വരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Top