കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കു നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. തോക്കു ലൈസൻസ് ഉള്ളവർക്കും പൊലീസുകാർക്കും പന്നിയെ വെടിവച്ചു കൊല്ലാൻ അനുമതി നൽകാം. കാട്ടുപന്നി ശല്യം തടയുന്നതിനു നിലവിലെ വ്യവസ്ഥ പ്രകാരമുള്ള നടപടികൾ അപര്യാപ്തമായ സാഹചര്യത്തിലാണ് മാറ്റം. നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്, പന്നിയെ വെടിവയ്ക്കുന്നതിന് അനുമതി നൽകുന്നതിനുള്ള അധികാരം.

പന്നിയെ വെടിവച്ചു കൊന്ന ശേഷം ശാസ്ത്രീയമായി സംസ്‌കരിക്കണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പന്നികളെ കുരുക്കിട്ടു പിടിക്കുന്നതിനും അനുമതിയുണ്ട്. വിഷപ്രയോഗം, ഷോക്കടിപ്പിക്കൽ എന്നിവ പാടില്ലെന്ന് മന്ത്രി പറഞ്ഞു.

കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുളള വ്യവസ്ഥകൾ ഉദാരമാക്കിയിട്ടും സംസ്ഥാനത്തെ മലയോര മേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ശല്യം കൂടുതലുളള പ്രദേശങ്ങളിൽ ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊന്നൊടുക്കാനുളള അനുമതി തേടി സംസ്ഥാനം നൽകിയ അപേക്ഷയിൽ കേന്ദ്രം തീരുമാനം എടുത്തിട്ടില്ല. വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ മൂന്നിൽ പെടുന്ന വന്യജീവിയാണ് കാട്ടുപന്നി.

Top