ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന് കരുതപ്പെട്ടിരുന്ന മുതിര്‍ന്ന നേതാവായ ജയവര്‍ധന്‍ സിങ്ങാണ് കൊല്ലപ്പെട്ടത്.
ലതേഹര്‍ ജില്ലയിലെ ബാരവാഹ്ദി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാര്‍ക്കറ്റില്‍ വെച്ച് അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. നാട്ടുകാര്‍ പ്രതികളെ പിന്തുടര്‍ന്നെങ്കിലും രക്ഷപ്പെട്ടു. കഴുത്തിന് വെടിയേറ്റ സിങ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി ലതേഹര്‍ പൊലീസ് സൂപ്രണ്ട് പ്രശാന്ത് ആനന്ദ് പറഞ്ഞു.
കോണ്‍ട്രാക്ടറായ സിങ്ങിനോട് പ്രദേശത്തെ ഗുണ്ടാ സംഘങ്ങള്‍ക്ക് ശത്രുതയുള്ളതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറിയായ സിങ് സംസ്ഥാനത്തെ ക്രമസമാധാന താറുമാറായെന്ന് കാണിച്ച് തിങ്കളാഴ്ച ഡി.ജി.പിയെ കാണാനിരിക്കെയാണ് സംഭവം.
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനും വെടിയേറ്റിരുന്നു.