തിരുവനന്തപുരം: സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഫലങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. 22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നില്‍പ്പോയ പല വാര്‍ഡുകളിലും എല്‍ഡിഎഫ് ഇത്തവണ വന്‍മുന്നേറ്റം ഉണ്ടാക്കി. കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച 8 വാര്‍ഡുകളില്‍ ഇത്തവണ എല്‍ഡിഎഫ് വിജയിച്ചു. ബിജെപിക്ക് നിലവിലുള്ള നാല് വാര്‍ഡുകള്‍ കൂടാതെ ഒരു സീറ്റുകൂടി ലഭിച്ചു. അത് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്.
തിരുവനന്തപുരം നാവായിക്കുളം ഇടമണ്ണില്‍ യുഡിഎഫ് വാര്‍ഡില്‍ സിപിഐ എമ്മിലെ എം നജീം വിജയിച്ചു. യുഡിഎഫിലെ ആര്‍എസ്പി അംഗത്തിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
എറണാകുളം നെല്ലിക്കുഴി പഞ്ചായത്ത് യുഡിഎഫ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി എം അബ്ദുല്‍ അസീസ് ജയിച്ചു. യുഡിഎഫ് അംഗമായിരുന്ന ഷാജഹാന്‍ വട്ടമുടി മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍ സിപിഐഎം ലെ അരിക്കോട്ടില്‍ അനിത വിജയിച്ചു. സര്‍ക്കാര്‍ ജോലി ലഭിച്ചത്തിനെ തുടര്‍ന്ന് സിപിഐ എം കൗണ്‍സിലര്‍ പി കെ ഷീബ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ വര്‍ഷം 264 വോട്ട് ഭൂരിപക്ഷത്തിലാണ് സിപിഐഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്.
മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ കീഴ്ചിറ വാര്‍ഡ് ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി വിജയിച്ചു. ശ്യാമള വെമ്പല്ലൂര്‍ 71 വോട്ടിന് വിജയിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥി വി എം ശൈലജയാണ് രണ്ടാം സ്ഥാനത്ത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്.
മലപ്പുറം തിരൂര്‍ മംഗലം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ 106 വോട്ട് ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എം ടി സീതി 106 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1086 വോട്ടില്‍ സി എം ടി സീതി ‘ 596 വോട്ടും എല്‍ ഡി എഫിലെ നാസര്‍ കല്ലിങ്ങലകത്ത് 490 വോട്ടും നേടി. കഴിഞ്ഞ തവണ 157 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ഡി എഫ് വിജയിച്ചത്.
വയനാട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുട്ടില്‍ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ (മാണ്ടാട് ) എല്‍ഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്ള പുല്‍പ്പാടി ( സിപിഐ എം ) വിജയിച്ചു. കെ മൊയ്തീന്‍ ആയിരുന്നു യുഡിഎഫ് (മുസ്ലീം ലീഗ്) സ്ഥാനാര്‍ഥി.
പാലക്കാട് ജില്ലയില്‍ സിപിഎമ്മും ബിജെപിയും സീറ്റ് നിലനിര്‍ത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ 16 ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ വനജ കണ്ണന്‍ വിജയിച്ചു. മലമ്പുഴ കടുക്കാം കുന്നം ഈസ്റ്റ് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ബജെപിയിലെ സൗമ്യയാണ് വിജയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടം പഞ്ചായത്തിലെ ഒമ്പതാം നമ്പര്‍ വാര്‍ഡായ കിഴക്കേ പാലയാട് കോളനിയിലെ ഉപതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി ബിജെപി. ബിജെപി സ്ഥാനാര്‍ത്ഥിയായ ദിവ്യ ചെള്ളത്താണ് ഇവിടെ വിജയിച്ചത്. 474 വോട്ടുകളാണ് ദിവ്യക്ക് ഇത്തവണ കിട്ടിയത്.