തദ്ദേശ തെരഞ്ഞെടുപ്പ്; ഇടതുമുന്നണി ജയിച്ചത് വ്യാജ വോട്ടിലൂടെയെന്ന് ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചത് വ്യാജ വോട്ടിലൂടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ നിയമ നടപടിക്ക് നീങ്ങിയത് ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ്. വ്യാജ വോട്ട് വിഷയം ഹൈക്കോടതി ഗൗരവമായി എടുത്തു. കോടതി തീരുമാനം സ്വാഗതം ചെയ്യുന്നു. വ്യാജ വോട്ടുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. കണ്ടു പിടിക്കാന്‍ കഴിയാത്ത വിധമാണ് കള്ളവോട്ട് ചേര്‍ത്തത്.

ഏഴ് മാസത്തിലധികം എടുത്താണ് ഇത് കണ്ടുപിടിച്ചത്. നിരവധി കേസുകളിലേക്ക് ഇത് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി. പോസ്റ്റല്‍ ബാലറ്റിലും കൃത്രിമം നടക്കുന്നുണ്ട്. മരിച്ചു പോയവരുടെ പേരുകള്‍ വരെ പോസ്റ്റല്‍ ബാലറ്റിലുണ്ട്. അപേക്ഷ നല്‍കാത്തവരുടെ പേരും പോസ്റ്റല്‍ ബാലറ്റിലുണ്ട്. ഇതില്‍ പൊലീസ് അസോസിയേഷന്‍ അനധികൃതമായി ഇടപെടുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണം. വ്യാജ വോട്ട് ചേര്‍ത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. മുഖ്യമന്ത്രി അഴിമതിക്ക് എതിരെ സംസാരിക്കുന്നത് ചെകുത്താന്‍ വേദം ഓതുന്നത് പോലെയാണ്. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി ഒന്‍പതാം പ്രതിയാണ്. കേസ് അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമാണ്. മുഖ്യമന്ത്രി കള്ളം പറയുന്നു.

അഴിമതി കേസുകള്‍ കുറഞ്ഞതിന് മുഖ്യമന്ത്രി മോദിയോട് നന്ദി പറയണം. ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന അഴിമതി കേസുകളില്‍ മോദി വെള്ളം ചേര്‍ത്തു. അഴിമതിയില്‍ സ്പീക്കര്‍ മുഖ്യനേക്കാള്‍ കേമനാണ്. അന്നുന്നയിച്ച ആരോപണങ്ങള്‍ ശരിയായി. പരസ്പരം പുറം ചൊറിയുന്നു. സ്പീക്കര്‍ക്ക് എതിരായ മൊഴി വെച്ച് ബിജെപി സിപിഎമ്മുമായി ഡീല്‍ ഉണ്ടാക്കി.

ശബരിമല ഒരു വികാരമാണ്. പിണറായിക്ക് വിശ്വാസ സമൂഹം മാപ്പ് നല്‍കില്ല. ശബരിമലയില്‍ യുവതികളെ കയറ്റണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി വാക്തമാക്കണം. സത്യവാങ്മൂലം മാറ്റി നല്‍കാന്‍ തയാറാണോയെന്നും ചെന്നിത്തല ചോദിച്ചു.

 

Top